കയർ ഭൂവസ്ത്ര നിർമാണം ഉടൻ ആരംഭിക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണം: സിഐടിയു
1548126
Monday, May 5, 2025 6:35 AM IST
ചവറ : ചവറയിൽ പ്രവർത്തിക്കുന്ന മാറ്റ്സ് ആന്ഡ് മാറ്റിംഗ്സ് സംഘത്തിൽ കയർ ഭൂവസ്ത്ര നിർമാണം ഉടൻ ആരംഭിക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്ന്കൊല്ലം ജില്ലാ കയർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇടപ്പള്ളികോട്ട വലിയം ബിഎഡ് കോളജിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന കയർ വർക്കേഴ്സ് സെന്റർ സിഐടിയു ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.പി.കുറുപ്പ് അധ്യക്ഷനായി.
സമ്മേളനത്തിൽ കയർ തൊഴിലാളികൾക്ക് കാലോചിതമായി കൂലി വർധിപ്പിക്കുക, കയർ സംഘത്തിൽ നിന്നും വിരമിച്ച തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുക, കൂലി വർധനവ് ആവശ്യപ്പെട്ട് എല്ലാ കയർ സർക്കിൾ ഓഫീസിനു മുന്നിലേക്കും 15ന് കയർ വർക്കേഴ്സ് യൂണിയൻ നടത്തുന്ന മാർച്ച് വിജയിപ്പിക്കുക, 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സമ്മേളനത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, പ്രസിഡന്റ് ബി.തുളസീധരകുറുപ്പ്, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, കയർ സെന്റർ ട്രഷറർ കെ.കരുണാകരൻ, സ്വാഗതസംഘം ചെയർമാൻ ആർ.രവീന്ദ്രൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ.ഗോപി, വി.അശോകൻ പിള്ള,യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുരേഷ് കുമാർ, ട്രഷറർ ബി.രവികുമാർ,ആർ.സുരേന്ദ്രൻ പിള്ള, കെ.വി.ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ യൂണിയന്റെ മുതിർന്ന നേതാക്കളായ എസ്.ശശിവർണൻ, കൃഷ്ണൻകുട്ടി പിള്ള എന്നിവരെ ആദരിച്ചു.
ജില്ലാ ഭാരവാഹികളായി എം .ശോഭന -പ്രസിഡന്റ് , എസ്.എൽ.സജികുമാർ,കെ.പി.കുറുപ്പ്, ആർ.ഗോപി,ഡി.അരുന്ധതി,ആർ.സുലേഖ, സോമൻ പിള്ള, കെ .വി.ദിലീപ് കുമാർ, ബീനാറാണി- വൈസ് പ്രസിഡന്റുമാർ,ഡി.സുരേഷ് കുമാർ - സെക്രട്ടറി, ടി.എസ്.ഗിരി, ബി.അശോക് കുമാർ, ജി.അനിൽകുമാർ, സുധർമ, ഗീത, സിന്ധു മോൾ-ജോ. സെക്രട്ടറിമാർ, ബി. രവികുമാർ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.