വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതരെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു: കര്‍ഷക കോണ്‍ഗ്രസ്
1548125
Monday, May 5, 2025 6:35 AM IST
അഞ്ചല്‍ : വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടതാണെന്ന നിയമ വ്യവസ്ഥയുള്ളപ്പോൾ വെറും നാല് ലക്ഷം രൂപ മാത്രം നൽകി മരണപ്പെടുന്നവരുടെ ആശ്രിതരെ സർക്കാരുകൾ കബളിപ്പിക്കുകയാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്ക് 1980-ലെ വനം നിയമമനുസരിച്ച് സംസ്ഥാന സർക്കാർ 10 ലക്ഷവും വന്യമൃഗസങ്കേതങ്ങളുടെ സമഗ്ര വികസന പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ 10 ലക്ഷവും ദുരന്തനിവാരണ നിയമ പരിധിയിൽ വരുന്നതിനാൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും നാലു ലക്ഷം രൂപ ഉൾപ്പെടെ 24 ലക്ഷം രൂപ സർക്കാർ മുൻകാല പ്രാബല്യത്തോടെ മരിച്ചവരുടെ ആശ്രിതർക്ക് നൽകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇടിമിന്നലേറ്റ് മരണപ്പെട്ടവർക്കും ഈ വ്യവസ്ഥ ബാധകമാക്കാൻ ആവശ്യമായ നിയമ ഭേദഗതി വരുത്താൻ സർക്കാരുകൾ തയാറാവണമെന്നും തടിക്കാട് ഇടിമിന്നലേറ്റ് മരിച്ച കർഷകന്റെ ആശ്രിതർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് കോടിയാട്ട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഞ്ചൽ ബിനോയ്, നെടുങ്കയം നാസർ, തെന്മല രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.