മലയോര ഹൈവേയില്‍ നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു
1547786
Sunday, May 4, 2025 6:39 AM IST
അഞ്ചല്‍ : മലയോര ഹൈവേയില്‍ അഞ്ചല്‍ - കുളത്തൂപ്പുഴ പാതയില്‍ വളവ് തിരിയവേ നിയന്ത്രണംവിട്ട കാര്‍ അന്‍പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ 11-ാംമൈലിലാണ് അപകടം.
കര്‍ണാടകയിലെ സ്വകാര്യ കോളജില്‍ എംബിഎ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. 11-ാംമൈല്‍ ഭാഗത്തെ വലിയ വളവ് തിരിയവേ കാര്‍ നിയന്ത്രണം വിടുകയും എതിര് ദിശയിലേക്ക് പാഞ്ഞിറങ്ങുകയുമായിരുന്നു.
സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ റബര്‍ മരത്തില്‍ ഇടിച്ചു കാര്‍ നിലത്തേക്ക് പതിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ ഇടിച്ചു ഒരു റബര്‍ മരം ഒടിഞ്ഞു രണ്ടായി.
കാറിലെ മൂന്നുപേരെ നിസാര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാമേശ്വരത്തേക്ക് പോകാന്‍ എത്തിയ കര്‍ണാടക, ഡല്‍ഹി സ്വദേശികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.