ചങ്ങനാശേരി അതിരൂപത 139-ാമത് ദിനാഘോഷം 20ന് ; മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
1547787
Sunday, May 4, 2025 6:39 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 139-ാമത് ദിനാഘോഷം 20ന് രാവിലെ 9.30 മുതല്‍ 1.30 വരെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗറില്‍ നടക്കും.
കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരത്തോളം കുടുംബങ്ങളിലെ അഞ്ചുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും പരിപാടികളില്‍ പങ്കെടുക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ അഭിവന്ദ്യ പിതാക്കന്മാരും മറ്റ് വിശിഷ്ട വ്യക്തികളും സന്ദേശങ്ങള്‍ നല്‍കും.
അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് അന്നു സമ്മാനിക്കും. തങ്ങളുടെ പ്രത്യേകമായ ഇടപെടല്‍കൊണ്ട് സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയവരെയും സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും പ്രത്യേകമായി ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നു നടക്കും.
18ന് ഇടവകതല ആഘോഷങ്ങള്‍
അതിരൂപതാദിനത്തിന് മുന്നോടിയായി 18ന് അതിരൂപതയിലെ എല്ലാ പള്ളികളിലും ഇടവകതല ആഘോഷങ്ങള്‍ നടക്കും. അന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അതിരൂപത ദിനം വിളംബരം ചെയ്ത് പേപ്പല്‍ പതാക ഉയര്‍ത്തുകയും അതിരൂപത ആന്തം ആലപിക്കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്യും.
19ന് ഛായാചിത്ര,ദീപശിഖ പ്രയാണങ്ങള്‍
19ന് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ മാതൃ ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിയില്‍നിന്നു ഛായാചിത്രപ്രയാണവും ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി യുടെ കബറിടത്തിങ്കല്നിന്നു ദീപശിഖാ പ്രയാണവും അതിരൂപത യുവദീപ്തി എസ്എംവൈഎം, മിഷന് ലീഗ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു ക്രമീകരിച്ചിട്ടുണ്ട്.
തുടര്‍ന്ന് ആഘോഷമായ സായാഹ്ന പ്രാര്‍ഥന. പരിപാടികളുടെ വിജയത്തിനായി അതിരൂപതാദിന ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, കോഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.