മലയോരപാതയിൽ പലയിടത്തും അപകടക്കെണികൾ
1547785
Sunday, May 4, 2025 6:39 AM IST
പി.സനില്‍ കുമാര്‍
അഞ്ചല്‍ : മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചിട്ട് അഞ്ചു വര്‍ഷം കഴിയുന്നു. പാതയുടെ അഞ്ചുവര്‍ഷത്തെ അറ്റകുറ്റപണികള്‍ കരാറുകാര്‍ ചെയ്യണമെന്നുള്ള കരാറും അവസാനിച്ചു. പക്ഷേ പാതയില്‍ മിക്കയിടത്തും പതിയിരിക്കുന്ന അപകടക്കെണികള്‍ ഒഴിവാക്കാന്‍ യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
വലിയ സുരക്ഷാ ഭിത്തികള്‍ നിര്‍മിച്ച ഇടങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ താഴ്ചയിലേക്ക് മറിയാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ല. കുളത്തൂപ്പുഴ - അഞ്ചല്‍ പാതയില്‍ അപകടകരമായ നിരവധി വളവുകളാണ് ഉള്ളത്.
ഇതില്‍ 11-ാംമൈല്‍, ഏഴംകുളം വളവുകളില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. 11-ാംമൈല്‍ വളവില്‍ ചെറുതും വലുതുമായി ഉണ്ടായിട്ടുള്ളത് അന്‍പതിലധികം അപകടങ്ങളാണ്. ഇന്നലെ നടന്ന കാറപകടം ഒടുവിലത്തെ ഉദാഹരണമാണ്. അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടതെല്ലാം തലനാരിഴക്കാണെന്നതും ശ്രദ്ധേയം.
ബൈക്ക് മുതല്‍ ഓട്ടോറിക്ഷയും ലോറിയും ഉള്‍പ്പടെയുള്ളവ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ പാത ഉയര്‍ത്തിയപ്പോള്‍ നിര്‍മിച്ച സുരക്ഷാ ഭിത്തിക്ക് അഞ്ചടി മുതല്‍ ഇരുപതടിയിലധികം ഉയരമുണ്ട്.
ഇവിടെയൊന്നും സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ല. ഇതാണ് അപകടങ്ങളില്‍ ഏറെയും ഉണ്ടാകാന്‍ കാരണമാകുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിച്ചാല്‍ ചെറിയ വാഹനങ്ങള്‍ നിയന്ത്രണംവിട്ടാല്‍ ഇവിടെ ഇടിച്ച് നില്ക്കും.
ഇതില്ലാതെ വന്നതോടെയാണ് വാഹനങ്ങള്‍ വലിയ താഴ്ചയിലേക്ക് പതിക്കാന്‍ കാരണമാകുന്നത്. ഇതുകൂടാതെ പാതയില്‍ മിക്ക ഇടങ്ങളിലും നിര്‍മിച്ച ഓടകള്‍ക്ക് ഇന്നും മൂടി സ്ഥാപിച്ചിട്ടില്ല. ഇതില്‍പ്പെട്ട് ഇരുചക്ര, കാല്‍നട യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു.
ചിലയിടങ്ങളില്‍ ഓടകളില്‍ ചെളിയും മണ്ണും നിറഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ ഓടകള്‍ പൂര്‍ണമായും അടഞ്ഞതോടെ മഴവെള്ളവും ചെളിയും മണ്ണും ഉള്‍പ്പടെയുള്ളവ പാതയിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.