ജില്ലാതല കുളമ്പുരോഗ പ്രതിരോധ യജ്ഞം തുടങ്ങി
1547797
Sunday, May 4, 2025 6:46 AM IST
കൊല്ലം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ആറാംഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന് നിര്‍വഹിച്ചു.
കുളമ്പ് രോഗം ശരീരമാകെ ബാധിക്കുന്ന വൈറസ് രോഗമായതിനാല്‍ പ്രതിരോധ കുത്തിവെപ്പ് അനിവാര്യമാണ്. കുത്തിവയ്പ്പിനോടൊപ്പം വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും ഡോക്ടര്‍മാര്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു.
23വരെ നടത്തുന്ന കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിലൂടെ 110542 പശുക്കള്‍ക്കും 8658 എരുമകള്‍ക്കും കുത്തിവയ്പ്പ് നല്‍കും. കര്‍ഷകരുടെ വീട്ടുപടിക്കലെത്തുന്ന മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്വാഡുകള്‍ കുത്തിവെയ്പ്പ് നല്കി ചെവിയില്‍ ടാഗ് പതിപ്പിക്കും.
140 സ്ക്വാഡുകളെ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണമായും സൗജന്യമാണ്. നാല് മാസത്തില്‍ താഴെ പ്രായമുള്ള കിടാങ്ങള്‍, രോഗമുള്ള പശുക്കള്‍, പ്രസവിക്കാറായ ഉരുക്കള്‍ എന്നിവയെ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എ.എല്‍.അജിത് അധ്യക്ഷത വഹിച്ചു.