കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ഗുഡ്സ് ട്രെയിൻ സർവീസ് പരിഗണനയിൽ
1547788
Sunday, May 4, 2025 6:39 AM IST
കൊല്ലം: ചെങ്കോട്ട-പുനലൂർ -കൊല്ലം തീവണ്ടി പാതയിൽ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചു. ഈ റൂട്ടിൽ ഗുഡ്സ് ട്രെയിനുകൾ ഓടിക്കുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിലാണ്. മാത്രമല്ല ഈ പാതയിൽ ഇപ്പോൾ കൊല്ലം വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ തിരുവനന്തപുരം നോർത്ത് വരെ ദീർഘിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പാതനവീകരണത്തിലൂടെ ബ്രോഡ്ഗേജ് ആവുകയും പിന്നീട് വൈദ്യുതീകരണ പ്രവർത്തികൾ ഉൾപ്പെടെ പൂർത്തീകരിച്ച ചെങ്കോട്ട-പുനലൂർ-കൊല്ലം തീവണ്ടി പാതയിൽ യാത്രാ,ഗുഡ്സ് തീവണ്ടികളുടെ കാര്യമായ സർവീസ് നടപ്പിലാക്കാൻ റെയിൽവേയ്ക്ക് നിലവിൽ ആയിരുന്നില്ല. ഇതിലെ പ്രധാന സാങ്കേതിക പ്രശ്നങ്ങളിൽ ഒന്നായ പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് പരിഹരിക്കാനുള്ള നടപടികൾക്കാണ് റെയിൽവേ പച്ചക്കൊടി കാണിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പാതയിലെ പ്രധാന സ്റ്റേഷനുകളുടെ എല്ലാം പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ ഉടൻ ഉണ്ടാകും.
കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്. മുൻപ് റെയിൽവേ എൻജിനിയറിംഗ് വിഭാഗം നേരിട്ട് ഇതിന് ആവശ്യമായ പരിശോധനകൾ നടത്തുകയും റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്തിരുന്നു.
എഴുകോൺ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി നേരത്തെ റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു ഇതിനെ തുടർന്ന് എഴുകോൺ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്നതിനുള്ള നടപടി അംഗീകരിച്ച് റെയിൽവേ ഉത്തരവും ഇറക്കിയിരുന്നു. നോൺ-സബർബൻ ആറ് വിഭാഗത്തിൽ പെടുന്ന ഈ സ്റ്റേഷനിൽ 576 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം നിർമിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.
കൂടാതെ, ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയായി.2026 മാർച്ചോടെ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.ഇതിനോടൊപ്പം മധുര റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള ഭഗവതിപുരം മുതല്‍ കിളികൊല്ലൂര്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കാനാണ് പുതിയ നിര്‍ദേശം.
പുതുതായി പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാൻ നിർദേശമുള്ള മറ്റു സ്റ്റേഷനുകൾ കിളികൊല്ലൂര്‍ - 576 മീറ്റര്‍, ചന്ദനത്തോപ്പ് - 576 മീറ്റര്‍, കുണ്ടറ - 576 മീറ്റര്‍, കുണ്ടറ ഈസ്റ്റ് - 381 മീറ്റര്‍, എഴുകോണ്‍ - 576 മീറ്റർ, കൊട്ടാരക്കര - 575 മീറ്റര്‍, കുരി - 576 മീറ്റര്‍, ആവണീശ്വരം - 578 മീറ്റര്‍, ഇടമണ്‍ - 520 മീറ്റര്‍, തെന്മല - 580 മീറ്റര്‍, ന്യൂ ആര്യങ്കാവ്- 550 മീറ്റര്‍, ആര്യങ്കാവ്- 455 മീറ്റര്‍ എന്നിവയാണ്. ഈ സ്റ്റേഷനുകളിലെ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് റെയിൽവേ.
പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുമ്പോൾ കൂടുതൽ ബോഗികൾ ഘടിപ്പിച്ച തീവണ്ടികൾ ഈ സ്റ്റേഷനുകളിൽ നിർത്തുവാനുള്ള സൗകര്യവും കൂടിയാണ് ഉണ്ടാകുന്നത് ഇത് യാത്രക്കാരുടെ എണ്ണത്തിന്റെ വർധനയ്ക്കും കാരണമാകും.നിലവിൽ പുനലൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് 24 എല്‍എച്ച്ബി കോച്ചുകൾ ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്ഫോം ഉള്ളത്.തെന്മലയില് രണ്ട് പ്ലാറ്റ്ഫോമുകളുടെയും ഇടമണില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെയും നീളമാണ് വര്‍ധിക്കുക.
കിളികൊല്ലൂര്‍, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം എന്നിവിടങ്ങളില്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ നീളമാണ് വര്‍ധിക്കുക.
കൂടാതെ ഈ പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർധിപ്പിക്കുവാനുള്ള പരീക്ഷണ ഓട്ടങ്ങളും,പരിശോധനയും റെയിൽവേ പൂർത്തിയാക്കിയിട്ടുണ്ട്. അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതും അടക്കമുള്ള പ്രവർത്തനങ്ങൾ പാതയുടെ സമഗ്ര വികസനത്തിനും യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.