മാവടി-കുളക്കട റോഡിൽ വെള്ളക്കെട്ട് ; യാത്രക്കാർ ദുരിതത്തിൽ
1547792
Sunday, May 4, 2025 6:39 AM IST
കൊട്ടാരക്കര: മഴ പെയ്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും വെള്ളക്കെട്ട് റോഡിൽ തന്നെ. മാവടി-കുളക്കട റോഡിലെ തെങ്ങുവിള മുക്കിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. തെങ്ങുവിള മുക്കിൽ നിന്ന് മാവടിയിലേക്ക് പോകുന്ന വളവിലാണ് റോഡിലെ വെള്ളക്കെട്ട്.പൊതുമരാമത്ത് വകുപ്പു വക റോഡാണിത്.
വെള്ളക്കെട്ട് പരിസരവാസികൾക്ക് തലവേദനായി മാറിയിട്ടുണ്ട്. വെള്ളം ഒഴുകിപോകാൻ ഓടകളോ ചാലുകളോ ഒന്നുമില്ല ഇവിടെ. വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതിനാൽ വണ്ടികൾ ചെളി വെള്ളം അടിച്ചു തെറിപ്പിച്ച് സമീപത്തെ വീടുകളിൽ താമസിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
കാൽനടയാത്രക്കാർക്കും ഈ വളവിൽ വെള്ളത്തിലൂടെ നടന്നുവേണം യാത്ര ചെയ്യാൻ.അശാസ്ത്രീയമായ ടാറിംഗ് കാരണം റോഡിൽ തന്നെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്.