കടുവയെ കണ്ടതായുള്ള അഭ്യൂഹം നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഉറക്കം കെടുത്തി
1547566
Saturday, May 3, 2025 6:55 AM IST
കുളത്തൂപ്പുഴ: സെന്‍ട്രല്‍ ജംഗ്ഷനോട് ചേര്‍ന്നുള്ള വനാതിർത്തിയിൽ കടുവയെ കണ്ടതായുള്ള അഭ്യൂഹം പടര്‍ന്നതോടെ നാലു നാളുകളായി ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും.
കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്നുള്ള മരുതി മൂട് ചതുപ്പ് വന പ്രദേശത്തെ നടപ്പാതയോരത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കടുവയെ കണ്ടതായി സമീപ വാസിയുടെ വെളിപ്പെടുത്തലാണ് നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയത്.
പാചക തൊഴിലാളിയായ പ്രദേശ വാസി രണ്ടു ദിവസം മുമ്പ് പുലര്‍ച്ചെ ജോലിക്കായി പോകവെ വനപാതയോരത്ത് ഏതാനും മീറ്റര്‍ അകലെയായി മൃഗം കിടക്കുന്നത് ശ്രദ്ധയില്‍പെടുകയും കടുവയാണെന്ന് കരുതി ഓടി രക്ഷപെടുകയുമായിരുന്നു.
ഇയാള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശമാകെ തെരച്ചില്‍ നടത്തുകയും കടുവയുടെ കാല്പാടുകളോ മറ്റു തെളിവുകളോ യാതൊന്നും കണ്ടെത്താന്‍ കഴിയാതെ വരികയുമായിരുന്നു.
മൂന്നു ദിവസം പ്രദേശത്ത് തെരച്ചില്‍ നടത്തിയിട്ടും യാതൊന്നും കണ്ടെത്തുകയോ പ്രദേശത്തു നിന്നും വളര്‍ത്തു മൃഗങ്ങളെയോ മറ്റോ നഷ്ടപ്പെട്ടതായ വിവരങ്ങളൊന്നും കിട്ടാതെ വന്നതോടെ സംഭവം അഭ്യൂഹമാണെന്ന് നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു.
അതേ സമയം വനം വകുപ്പ് സംഭവം ഗൗരവത്തിലെടുത്ത് പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.