കുളത്തൂപ്പുഴയിൽ ഫയര്സ്റ്റേഷന് അനുവദിക്കണം; താലൂക്ക് സഭയില്‍ പ്രമേയം അവതരിപ്പിച്ചു
1547798
Sunday, May 4, 2025 6:46 AM IST
കുളത്തൂപ്പുഴ: കഴിഞ്ഞദിവസം കൂടിയ താലൂക്ക് സഭയിൽ കിഴക്കന്‍ മലയോര മേഖല ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭൂവിസ്തൃതിയും ആദിവാസി സങ്കേതങ്ങളും തോട്ടം മേഖലയും ഉള്‍പ്പെടുന്ന കുളത്തൂപ്പുഴ പ്രദേശത്ത് എത്രയും പെട്ടെന്ന് ഒരു ഫയര്‍സ്റ്റേഷന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഒരു പ്രമേയം പുനലൂർ നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ റോയി ഉമ്മൻ അവതരിപ്പിച്ചു .
ഈ പ്രദേശത്തെ നാട്ടുകാരുടെയും വ്യാപാരി വ്യവസായികളുടെയും ആവശ്യം ഏറെക്കാലമായുള്ളതാണ്. പ്രകൃതി ക്ഷോഭവും തീപിടിത്തവും വന്യമൃഗങ്ങളുടെ ആക്രമണവും തുടങ്ങി എന്തു തരം അത്യാഹിതമുണ്ടായാലും മുപ്പതും നാല്പതും കിലോമീറ്ററുകള്‍ അകലെ നിന്നുമാണ് അഗ്നിശമന സേന യെത്തേണ്ടെതെന്നതിനാല് ഓരോ തവണയും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുളത്തൂപ്പുഴ ടൗണിലെ മൂന്നു വ്യാപാര ശാലകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ച് കോടികളുടെ നഷ്ടമുണ്ടായതിനു പിന്നിലും അഗ്നിശമന സേനയുടെ അഭാവം പ്രകടമായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് കണ്ടന്‍ചിറ ഓയില്‍പാം എസ്റ്റേറ്റില്‍ ഹെക്ടറുകള്‍ കത്തി നശിച്ചപ്പോഴും അഗ്നിശമന സേനയെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു. അതേ സമയം മലയോര മേഖലയായ കുളത്തൂപ്പുഴയില്‍ അഗ്നിശമന സേനാ വിഭാഗത്തെ വിന്യസിച്ചാല്‍ കുളത്തൂപ്പുഴയെ കൂടാതെ സമീപ പ്രദേശങ്ങളായി തെന്മല, ആര്യങ്കാവ്, മടത്തറ തുടങ്ങിയ പ്രദേശങ്ങളിലേക്കും ഇവയുടെ സേവനം എത്തിക്കാമെന്നതിനാല്‍ കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് അടിയന്തിരമായി ഫയര്‍ സ്റ്റേഷന് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി.