കുളങ്ങള്‍ കുപ്പത്തൊട്ടികളായി മാറുന്നു: മന്ത്രി പി.പ്രസാദ്
1547793
Sunday, May 4, 2025 6:39 AM IST
അഞ്ചല്‍: കുളങ്ങളും ചിറകളും സംരക്ഷിക്കുന്നതില്‍ മലയാളികള്‍ സംസ്കാരശൂന്യരാണെന്നും ചിലയിടങ്ങളില്‍ കുളങ്ങള്‍ കുപ്പത്തൊട്ടികളായി മാറുന്നുവെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച ചിറയുടെയും സ്കൂള്‍ ജംഗ്ഷന് നടുക്കുന്നുംപുറം പാതയില്‍ സ്ഥാപിച്ച വൈദ്യുതി ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പി.എസ്.സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, ജില്ലാ പഞ്ചായത്ത് അംഗം സി അംബികാകുമാരി, ഓയില്‍പാം ചെയര്മാന് ആര്. രാജേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ബിനു, സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈന്‍ ബാബു, പഞ്ചായത്ത് അംഗങ്ങളായ ടി.അജയന്, പി.എസ്. സുമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള ലാൻഡ് ഡവലപ്മെന്റ് കോര്പറേഷന് അനുവദിച്ച 21 ലക്ഷം രൂപ വിനിയോഗിച്ചാണ് കാടുകയറി ഉപയോഗ ശൂന്യമായ ഏരൂര്‍ ചിറ നവീകരിച്ചത്.
കൃഷി ആവശ്യങ്ങള്‍ക്ക് ജലം എത്തിക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനുൾപ്പെടെയുള്ള സൗകര്യം ചിറയില്‍ ഒരുക്കിയിട്ടുണ്ട്. ചുറ്റും ആവശ്യമായ വെളിച്ച സൗകര്യവും തയാറാക്കിയിട്ടുണ്ട്.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പാതയുടെ നവീകരണവും, ആസ്തി വികസന ഫണ്ടില്‍നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ചത്.