പുനലൂർ താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്്ടർമാരെ നിയമിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണം: താലൂക്ക് വികസന സമിതി
1548113
Monday, May 5, 2025 6:29 AM IST
പുനലൂർ : താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് അത്യാഹിത വിഭാഗത്തിന്റെയും ഒപി വിഭാഗത്തിന്റെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. തെന്മല ഡാമിന്റെ സംഭരണശേഷി കുറഞ്ഞിരിക്കുന്നതിനാൽ മണൽ നീക്കം ചെയ്തു തെക്കൻ ജില്ലകളിലെ നിർമാണ മേഖലയ്ക്കായി ഉപയോഗിക്കണമെന്നും ഒപ്പം എക്കലും ചെളിയും നീക്കംചെയ്യണമെന്ന ആവശ്യവും താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്നു.
ശ്രീരാമവർമപുരം മാർക്കറ്റിൽ നിന്ന് ഒഴിപ്പിക്കുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമിതിയിൽ കൃഷിവകുപ്പിന്റെ പ്രതിനിധികൾ എത്താത്തതിനെപ്പറ്റി യോഗത്തിൽ ആക്ഷേപം ഉയർന്നു.
റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്നവർക്കു പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ, വനം, റവന്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ സർവേയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ പ്രതിനിധി എം.നാസർ ഖാൻ ആവശ്യപ്പെട്ടു.
ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തിനു സമീപത്തുള്ള പോലീസ് ഔട്ട്പോസ്റ്റിൽ കൂടുതൽ പോലീസുകാരെ നിയമിച്ച് ദേശീയപാതയിലെ പരിശോധന കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പി.എസ്.സുപാൽ എംഎൽഎയുടെ പ്രതിനിധി ബി.അജയൻ ആവശ്യപ്പെട്ടു.
പുനലൂർ കെഎസ്ആർടിസി ഡിപ്പോ, തൂക്കുപാലം ഭാഗങ്ങളിൽ വർധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ ശല്യം യോഗത്തിൽ ചർച്ചയായി. സാമൂഹ്യവിരുദ്ധ ശല്യം പരിശോധിക്കണമെന്നും ലഹരി വിരുദ്ധ സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാനും പോലീസ്, എക്സൈസ് വകുപ്പുകൾ ജാഗ്രത പാലിക്കാനും സമിതി നിർദേശിച്ചു. യോഗത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.നൗഷാദ് അധ്യക്ഷത വഹിച്ചു.