കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ലാബിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി; ഭീതിയൊഴിയാതെ ജീവനക്കാരും രോഗികളും
1547563
Saturday, May 3, 2025 6:55 AM IST
കുളത്തൂപ്പുഴ: സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളിലെ ലാബിന്റെ മേശപ്പുറത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയത് ജീവനക്കാര്‍ക്കിടയിലും രോഗികളിലും ഭീതി പടര്‍ത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ലാബിലെ ജീവനക്കാരെത്തി തങ്ങളുടെ ജോലികളിലേര്പ്പെടവെ മേശപ്പുറത്തിരുന്ന രജിസ്റ്ററിന് അടിയിലായി എന്തോ നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട് നോക്കുമ്പോഴാണ് പാമ്പാണെന്ന് മനസിലായത്.
പേടിച്ച് നിലവിളിച്ച് ഒച്ചയുണ്ടാക്കിയതോടെ രജിസ്റ്ററിനും പ്രിന്ററിനും ഇടയിലേക്ക് പാമ്പ് ഒളിച്ചു. െ ജീവനക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തെന്മല ഡിവിഷന് ആര് ആര്‍ടി സംഘം സ്ഥലത്തെത്തുകയും ചെയ്തു.
മേശപ്പുറത്തു പതുങ്ങി ഒളിച്ച പാമ്പിനെ പിടികൂടി പെരുമ്പാമ്പിന്റെ കുഞ്ഞാണെന്നു മനസിലായതോടെ പരിസരത്താകെ തെരച്ചില്‍ നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അതേ സമയം സമീപത്തെവിടെയെങ്കിലും പാമ്പ് മുട്ടയിട്ട് വിരിഞ്ഞവയില് നിന്നോ മറ്റോ ഇഴഞ്ഞെത്തിയതാവാം ഇതെന്ന് ആര് ആര് ടിസംഘം പറഞ്ഞു.
വലിയ പാമ്പുകളും ഇവിടെ സമീപത്തുണ്ടാകാനുള്ള സാധ്യതയുള്ളതായും ഇവര്‍ സൂചിപ്പിച്ചു. സംഭവമറിഞ്ഞതോടെ ജീവനക്കാരും രോഗികളും ഭീതിയിലാണുള്ളത്.
ആശുപത്രി പുരയിടത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ മുഴുവന്‍ കാടു മൂടിക്കിടക്കുകയാണെന്നും നിലവിലെ കെട്ടിടത്തിനു പിന്നിലായുള്ള കാടും പടലും ചപ്പു ചവറുകളും അടിയന്തിരമായി നീക്കം ചെയ്തു പരിസരം വൃത്തിയാക്കി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജോലിയെടുക്കുന്ന ജിവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.