കെഎസ്ആർടിസിക്ക് 10 റാപ്പിഡ് റിപ്പയർ ടീം പ്രവർത്തന സജ്ജം
1548121
Monday, May 5, 2025 6:29 AM IST
കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ ബ്രേക്ക്ഡൗൺ ആകുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിക്കാനും ബസുകൾ തുടർയാത്രയ്ക്ക് സജ്ജമാക്കാനുമായി റാപ്പിഡ് റിപ്പയർ ടീം പ്രവർത്തന സജ്ജമായി.
10 മിനി മൊബൈൽ വർക്ക്ഷോപ് വാനുകളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ മന്ത്രി കെ.എൻ. ബാലഗോപാലും മന്ത്രി കെ. ബി. ഗണേഷ് കുമാറും സംയുക്തമായി നിർവഹിച്ചു.
മുനിസിപ്പൽ ചെയർമാൻ കെ. ഉണ്ണികൃഷ്ണമേനോൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്്ടർ പി.എസ്. പ്രമോദ് ശങ്കർ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ എ.ഡേവിഡ്, പ്രദീപ് കുമാർ, ഫിനാൻസ് മാനേജർ ഷാജി, ചീഫ് ട്രാഫിക് ഓഫീസർ റോയ് ജേക്കബ്, അശോക് ലെയ്ലാൻഡ് റീജണൽ മാനേജർ മുഹമ്മദ് ഏലിയാസ്, ഏരിയ മാനേജർ ജേക്കബ് തോമസ്, കൊട്ടാരക്കര അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ബി.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
പാറശാല, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര, പത്തനാപുരം, എറണാകുളം, മൂന്നാർ, പാലക്കാട്, താമരശേരി, സുൽത്താൻ ബത്തേരി, കാസർകോട് ഡിപ്പോകൾക്കാണ് മിനി വാനുകൾ അനുവദിച്ചത്. ഈ വാഹനങ്ങളുടെ താക്കോലും വർക് ഷോപ് ടീമിനുള്ള മൊബൈൽ ഫോണും മന്ത്രിമാർ കൈമാറി.
കെഎസ്ആർടിസിയുടെ കേന്ദ്രീകൃത ഇൻവെന്ററി സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ ഇ സുതാര്യം സോഫ്റ്റ്വെയറിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും ബ്ലൈൻഡ് സ്പോട്ടുകളായി സ്ഥാപിക്കുന്ന സമഗ്ര സി സിടിവി നിരീക്ഷണസംവിധാനങ്ങളുടെയും ഉദ്ഘാടനവും മന്ത്രിമാരായ കെ.എൻ.ബാലഗോപാലും കെ.ബി.ഗണേഷ് കുമാറും നിർവഹിച്ചു.