മുക്ത്യോദയം പദ്ധതിയ്ക്ക് തുടക്കമായി
1548123
Monday, May 5, 2025 6:35 AM IST
കൊല്ലം: ലഹരിക്കെതിരായി കൊല്ലം സിറ്റി പോലീസ്, വിവിധ വകുപ്പുകളുടെ സഹ കരണത്തോടെ ആവിഷ്കരിച്ചിരിക്കുന്ന മുക്ത്യോദയം സംയുക്ത കര്‍മപദ്ധതിയുടെ കൗണ്‍സിലിംഗ് ഹെല്‍പ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം എം.മുകേഷ് എംഎല്എനിർവഹിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, മിനി റഫറന്‍സ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം മേയര്‍ ഹണി ബഞ്ചമിനും നിര്‍വഹിച്ചു. കൊല്ലം പുള്ളിക്കട നഗറില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തനോദ്ഘാടനത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജില്ലാ സബ് കളക്ടര്‍ നിഷാന്ത് സിഹാറ മുഖ്യ പ്രഭാഷണം നടത്തി. സി.ഡബ്ലു.സി ചെയര്‍മാര്‍ സനില്‍ വെള്ളിമണ്‍, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈന്‍ ദേവ് , ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോജക്റ്റ് നോഡല്‍ ഓഫീസര്‍ ഡോ.നമിതാ നസീര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നൗഷാദ്, കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസിപി പ്രതീപ്കുമാര് ,കൊല്ലം സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് എൻ. ജീജി, കൊല്ലം എസിപി ഷെരീഫ്എന്നിവര് പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി സഫയര്‍ അക്കാഡമിയില്‍ നിന്നുള്ള വിധഗ്ദര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നയിച്ചു. ക്ലാസില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള തുടര്‍ സൗജന്യ പരിശീലനം സഫയര്‍ അക്കാഡമി നിര്‍വഹിക്കും.
പോലീസ് ഊദ്യോഗസ്ഥരില് നിന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളില്‍ നിന്നും മറ്റ് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് മിനി ലൈബ്രറി സജ്ജമാക്കിയിട്ടുള്ളത്. ഡിസിആര്‍സി കൗണ്‍സിലര്‍മാരായ ഡോ. പാര്‍വതി, ക്ലോഡറ്റ് ലാംബര്‍ട്ട് എന്നിവര്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
കൊല്ലം സിറ്റി പരിധിയിലെ വിവിധ ദുര്‍ബല മേഖലകളില്‍ കൗണ്‍സിലിങ്ങ് ഹെല്പ് ഡെസ്ക്ക് ആരംഭിക്കുന്നതിലേക്കായി നൂറോളം കൗണ്‍സിലര്‍മാര്‍ക്കുള്ള മാസ്റ്റര്‍ ട്രെയിനിംഗ് 15 ന് ജില്ലാ മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തുവാന്‍ തീരുമാനിച്ചു. പരിശീലനം കഴിയുന്ന മുറക്ക് കൊല്ലം സിറ്റി പരിധിയിലെ അറുപതോളം ദുര്‍ബല മേഖലകളില്‍ കൂടി കൗണ്‍സിലിങ്ങ് ഹെല്പ് ഡെസ്ക്കുകള്‍ ആരംഭിക്കും.