ഉദ്യോഗസ്ഥരുടെ ഒത്താശ: കൊല്ലം കോർപറേഷനിൽ അനധികൃത നിർമാണങ്ങൾ പൊടിപൊടിക്കുന്നു
1548124
Monday, May 5, 2025 6:35 AM IST
കൊല്ലം: കൊല്ലം കോർപറേഷൻ പരിധിയിലെ വടക്കേവിള, ഇരവിപുരം സോണൽ ഓഫീസുകൾക്ക് കീഴിൽ വ്യാപകമായ അനധികൃത നിർമാണ പ്രവർത്തികൾ നടക്കുന്നതായി പരാതി.
ബിൽഡിംഗ് ലൈസൻസി,ബിൽഡിംഗ് ഇൻസ്പെക്ടർ, ഓവർസിയർ അടക്കമുള്ളവരാണ് ചട്ടങ്ങൾ മറികടന്നു നടക്കുന്ന കെട്ടിട നിർമാണത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്. ലൈസൻസി ഒരു പ്ലാൻ നൽകി നിർമാണത്തിന് പെർമിറ്റ് വാങ്ങിയെടുത്ത ശേഷം പ്ലാനിൽ മാറ്റം വരുത്തി കെട്ടിടം നിർമിക്കാൻ ഉദ്യോഗസ്ഥ ലോബി കണ്ണടച്ചു പോക്കറ്റ് വീർപ്പിക്കുകയാണ്.
കോർപറേഷനിലെയും സോണൽ ഓഫീസുകളിലെയും രേഖകളിൽ ആവശ്യമായ സെറ്റ് ബാക്കുകൾ നൽകി അപ്രൂവൽ വാങ്ങിയ പ്ലാനുകൾ നിർമാണം നടക്കുമ്പോൾ മാറ്റി മറിക്കപ്പെടുകയാണ്. തങ്ങൾക്ക് ചോദിച്ചാൽ ആവശ്യത്തിലധികം കിട്ടുമെന്നതിനാൽ ഉദ്യോഗസ്ഥർ ഈ ക്രമക്കേടിന് കൂട്ട് നിൽക്കുകയാണ്. മതിയായ അനുമതികളില്ലാതെയും നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽ പറത്തിയുമാണ് പലയിടത്തും നിർമാണങ്ങൾ പുരോഗമിക്കുന്നത്.
ചട്ടങ്ങൾ ലംഘിച്ച് കൊണ്ടുള്ള ഈ നിർമാണങ്ങൾ സമീപവാസികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡ് അരികിൽ നടക്കുന്ന അനധികൃത നിർമാണം സംബന്ധിച്ച് വടക്കേവിള സ്വദേശി സനീഷ് പരാതി നൽകിയിട്ടുണ്ട്.
ഈ വിഷയത്തിൽ കോർപറേഷൻ അധികൃതർ ഇടപെടണമെന്നും അനധികൃത നിർമാണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉള്ള ആവശ്യം ശക്തമായിരിക്കുകയാണ്.