സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനം അഞ്ചുകല്ലുംമൂടിലേക്ക് മാറ്റി
1547799
Sunday, May 4, 2025 6:46 AM IST
കൊല്ലം: കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെൽപ് ഡെസ്ക് അഞ്ചുകല്ലുംമൂട് ജംഗ്ഷന് രാമേശ്വരം ക്ഷേത്രത്തിനടുത്തേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി. ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോര്പറേഷന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.പവിത്ര അധ്യക്ഷയായി. കെഎസ്എഫ്ഇ ചെയര്മാന് കെ.വരദരാജന് മുഖ്യാതിഥിയായി.
രാമന്‍കുളങ്ങര മരുത്തടി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്നേഹിത നഗരത്തിലേക്ക് കൂടുതല്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യം കണക്കിലെടുത്താണ് അഞ്ചുകല്ലുംമൂടിലേക്ക് സ്ഥലം മാറിയത്.
2017-ല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്നേഹിതയില്‍ നാളിതുവരെ 2803 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2768 പേര്‍ക്ക് മാനസിക പിന്തുണയും 388 പേര്‍ക്ക് താല്‍ക്കാലിക അഭയവും നല്കാന് കഴിഞ്ഞു. അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്ന സ്ത്രീകള്‍ക്കും 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും രാത്രി യാത്രകളില്‍ ഒറ്റപെടുന്ന സ്ത്രീകള്‍ക്കും സ്നേഹിതയുടെ സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു.
കുടുംബശ്രീ അസി. ജില്ലാ മിഷന് കോ - ഓര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍, ജില്ലാ മിഷന് കോഡിനേറ്റര്‍ ആര്. വിമല്‍ ചന്ദ്രന്, ജെന്‍ഡര്‍ വിഭാഗം ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്. ബീന, സ്നേഹിത സ്റ്റാഫ്, കമ്യുണിറ്റി കൗണ്‍സിലര്‍മാര്‍, എഫ്എന്എച്ച് ഡബ്ല്യു റിസോഴ്സ്പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്നേഹിത ഓഫീസ്: 0474-2799760 സ്നേഹിത ടോള്‍ ഫ്രീ നമ്പര്‍: 1800-425-3565.