ശ്രീനാരായണഗുരു സാഹിത്യോത്സവം ചാത്തന്നൂരിൽ ഒൻപതിന്
1547557
Saturday, May 3, 2025 6:55 AM IST
ചാത്തന്നൂർ: അറിവ് ത്രൂ ദി സോൾഓഫ് ഗുരുവിന്റെ മൂന്നാമത് ശ്രീനാരായണഗുരു സാഹിത്യോത്സവം ഒൻപത്,10,11 തീയതികളിൽ ചാത്തന്നൂർ കാഞ്ഞിരംവിള ക്ഷേത്രാങ്കണത്തിൽ നടക്കും.
ഒൻപതിന് രാവിലെ ഒൻപതിന് ആരംഭിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പുസ്തക - കാർഷിക മേളയും ഫോട്ടോ പ്രദർശനവും എൻ.കെ.പ്രേമചന്ദ്രൻ എംപിയും, ജി.എസ്. ജയലാൽ എം എൽ എയും ഉദ്ഘാടനം ചെയ്യും.
സാഹിത്യോത്സവം അഡ്വ കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യും. ഡോ. സി. നാരായണപിള്ള, മുല്ലക്കര രത്നാകരൻ, നിമിഷ ജിബിലാഷ് എന്നിവർ പ്രഭാഷണം നടത്തും. സമാപന സഭ കേരള സാഹിത്യ അക്കാദമി അവാർഡ് - വയലാർ സാഹിത്യ പുരസ്കാര ജേതാവ് കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. സ്വാമി ത്യാഗീശ്വരൻ ഭദ്രദീപ പ്രകാശനം നടത്തും. ഫാ. കെ.ജി.ജോർജ് പണിക്കർ പ്രഭാഷണം നടത്തും.
നാരായണ ഗുരു കൃതികളുടെ ആലാപനം, ചിത്രരചന, പ്രശ്നോത്തരി എന്നിവയിൽ കുട്ടികൾക്കായി മത്സരങ്ങൾ നടത്തും. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച വർക്കല നാരായണ ഗുരുകുലം അധ്യക്ഷനും ഗുരുവുമായ മുനി നാരായണ പ്രസാദ് കയ്യൊപ്പ് ചാർത്തിയ പുസ്തകം സമ്മാനമായി നൽകും.
യോഗ, ഡാൻസ്, കുട്ടികളുടെ കവിയരങ്ങ്, സമൂഹ കീർത്തനാലാപനം എന്നിവയും ഉണ്ടായിരിക്കും. കാർഷിക മേഖലയിൽ മികച്ച നേട്ടമുണ്ടാക്കിയ ആറ് കർഷകരെയും ജീവകാരുണ്യമേഖലയിൽ മികച്ച സേവനം നടത്തി വരുന്ന രണ്ട് വ്യവസായികളെയും ആദരിക്കും. സൗജന്യ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഏകദേശം 80 വനിതകൾക്ക് സർട്ടിഫിക്ക റ്റുകൾ വിതരണം ചെയ്യും.