ആധാരം രജിസ്ട്രേഷന് പൂര്‍ണമായും ഡിജിറ്റലൈസേഷനിലേക്ക് മാറും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
1547795
Sunday, May 4, 2025 6:46 AM IST
കൊല്ലം: ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാകുന്നതോടെ ആധാരം രജിസ്ട്രേഷന് സംവിധാനം പൂര്‍ണമായും ഡിജിറ്റലൈസേഷനിലേക്ക് മാറുമെന്നും ആധാരം എഴുത്തുകാരുടെ എഴുത്ത് ഫീസ് വര്‍ധിപ്പിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സസ് ആന്റ് സ്ക്രൈബ്സ് അസോസിയേഷന് സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രജിസ്റ്റര്‍ ചെയ്യുന്ന അന്ന് തന്നെ ആധാരങ്ങള്‍ നല്കാന് ഓണ്‍ലൈന്‍ സംവിധാനങ്ങളോടെ സാധിക്കും. 1980 മുതലുള്ള ആധാരങ്ങള്‍ ഡിജിറ്റലൈസേഷന് ചെയ്യുന്ന ജോലികള്‍ നടന്നുവരികയാണ്. ഇതോടെ ആധാരങ്ങളുടെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്കുന്നതു വേഗത്തിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലുണ്ടായ പ്രളയത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ആധാര പകര്‍പ്പുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദു കലാധരന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജി.എസ്.ജയലാല്‍ എംഎല്‍എയും സേവന പ്രവര്‍ത്തന ഭാഗമായി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം പി.സി.വിഷ്ണുനാഥ് എംഎല്‍എയും നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ബി.മോഹന്‍കുമാര്‍, എ.എം.ദിനകരന്, പി.എം.തങ്കച്ചന്, അഗസ്റ്റിന് ജോസ്, സുനില്‍കുമാര്‍ കൊട്ടറ, പി.വേണുഗോപാലന്‍ നായര്‍, എം.കെ .മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ഉപദേശകസമിതി ചെയര്മാന് ഒ.എം.ദിനകരന് ഉദ്ഘാടനം ചെയ്തു.