ക്ഷീരകര്‍ഷകര്‍ക്ക് ‘അമൃതായി' വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്
1547794
Sunday, May 4, 2025 6:39 AM IST
കൊല്ലം : പാലിന്റെ പരിശുദ്ധിയിലാണ് വെട്ടിക്കവല പഞ്ചായത്തിന്റെ ‘ഐശ്വര്യദിനങ്ങള്’. ‘ക്ഷീരാമൃതം' നൂതനപദ്ധതി നടപ്പാക്കി കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറുകയാണ് ഭരണസമിതി. ക്ഷീരകര്‍ഷകരുടെ ധാരാളിത്തമുള്ള ഗ്രാമത്തില്‍ പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് കാലിത്തീറ്റ, വൈക്കോല്‍ എന്നിവ സബ്സിഡി നിരക്കില്‍ നല്കുന്നു. ധാതുലവണ മിശ്രിതം സൗജന്യവുമാണ്. ബ്ലോക്ക്പരിധിയില് വരുന്ന പഞ്ചായത്തുകളിലെ 500 ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയും വൈക്കോലും ധാതുലവണ മിശ്രിതവും ലഭ്യമാക്കി.
2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തീറ്റ ചെലവ്, പശുക്കളുടെ ആരോഗ്യ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍, പ്രത്യുല്പാദനശേഷിക്കുറവ് തുടങ്ങിയവയ്ക്ക് പരിഹാരമാകുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നതും.
ക്ഷീരസംഘം വഴി വൈക്കോല്‍, സൈലേജ് എന്നിവ വാങ്ങി നല്കി. വിപണിയില്‍ നിന്നും കര്‍ഷകര്‍ വാങ്ങുന്ന വിലയുടെ പകുതി തുക കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നത് തുടരുകയുമാണ്.
ഉത്പാദന ചെലവ് കുറയ്ക്കുന്നതിന് കേരള ഫീഡ്സ്, മില്‍മ എന്നീ സ്ഥാപനങ്ങളില്‍ നിന്നും ക്ഷീരസംഘം മുഖേന വാങ്ങുന്ന കാലി തീറ്റയ്ക്ക് 50 ശതമാനം സബ്സിഡിയുണ്ട്.
സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ 100 ശതമാനം സബ്സിഡിയോടുകൂടി ധാതുലവണ മിശ്രിതവും വിതരണം ചെയ്യുന്നു. ഗുണഭോക്താവ് വളര്‍ത്തുന്ന കറവപ്പശുക്കളുടെ എണ്ണത്തിന്റെയും ക്ഷീരസംഘത്തില്‍ അളക്കുന്ന പാലിന്റെ യും അളവ് അനുസരിച്ചാണ് ആനുകൂല്യം നല്‍കുന്നത്.
10 ലിറ്റര്‍ വരെ പാല് അളക്കുന്ന കര്ഷകന് ഒരു ദിവസം അഞ്ചുകിലോ വൈക്കോല്‍ അല്ലെങ്കില്‍ ഏഴുകിലോ സൈലേജ് എന്ന് കണക്കാക്കി ഒരു കിലോ വൈക്കോലിനും സൈലേജിനും പരമാവധി നാല് രൂപ വീതം ധനസഹായമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ്. പ്രതിദിനം 10 ലിറ്ററില്‍ കൂടുതല്‍ പാല് അളക്കുന്ന കര്‍ഷകര്‍ക്ക് അതനുസരിച്ച് ധനസഹായം ലഭിക്കും.
ഒരു ഗുണഭോക്താവിന് നല്കുന്ന പരമാവധി ധനസഹായം 5000 രൂപയാണ്. പദ്ധതി നടപ്പിലാക്കിയതോടെ പശുക്കളുടെ ആരോഗ്യപരിരക്ഷ, പാലുല്പാദനത്തില് വര്‍ധനവ്, മറ്റ് ചെലവ് ചുരുക്കല്‍ എന്നിവ സാധ്യമായെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് കുമാര്‍ പറഞ്ഞു.