‘ആനവാൽപിടി’ ഭക്തിസാന്ദ്രമായി
1538599
Tuesday, April 1, 2025 6:23 AM IST
കൊല്ലം: ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനവാൽ പിടി ചടങ്ങ് ഭക്തിസാന്ദ്രമായി. ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ദർശിക്കുന്നതിന് ആയിരങ്ങളാണ് ഇന്നലെ ക്ഷേത്രാങ്കണത്തിൽ എത്തിയത്.
സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല വിനോദങ്ങളെ അനുസ്മരിപ്പിക്കുന്ന അത്യപൂർവ ചടങ്ങാണിത്. ഗണപതിയുടെ കൊമ്പിലും വാലിലും പിടിച്ച് കളിക്കുന്നത് ബാലസുബ്രഹ്മണ്യന്റെ പതിവാണ്.
ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ആനവാൽ പിടി. ഇന്നലെ രാവിലെ എഴുന്നെള്ളത്ത് കഴിഞ്ഞ് ആനയെ നൈവേദ്യം നൽകിയ ശേഷം ആനക്കൊട്ടിലിൽ കൊണ്ടുവന്ന് ശ്രീകോവിലിന് അഭിമുഖമായി നിർത്തി.
തൊഴുത് ശംഖു വിളിപ്പിച്ചതിന് ശേഷം തിരിച്ച് വിശാലമായ മൈതാനത്തിലൂടെ വേഗത്തിൽ നടത്തി. ഈ സമയം വ്രതമെടുത്ത ഭക്തർ ആനയുടെ വാലിൽ തൊട്ട് വന്ദിച്ചു. വേഗത്തിൽ പോകുന്ന ആനയുടെ വാലിൽ പിടിക്കുന്നത് കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് എത്തിയത്.