വേട്ടുതറ അടിപ്പാത സമരം : നാഷണൽ ഹൈവേ അഥോറിറ്റി ചർച്ച നടത്തി
1538918
Wednesday, April 2, 2025 6:07 AM IST
ചവറ : വേട്ടുതറ അടിപ്പാത ആവശ്യം ഉന്നയിച്ച് സമരസമിതി നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് നാഷണൽ ഹൈവേ അഥോറിറ്റി അടിപ്പാത സമര സമിതിയുമായി ചർച്ച നടത്തി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ സമരസമിതി ഭാരവാഹികൾ സന്ദർശിച്ചതിനെ തുടർന്ന് ഹൈവേ അഥോറിറ്റി പ്രൊജക്ട് ഡയറക്ടർ വിപിൻ മധു സമരസമിതി ഭാരവാഹികളുമായി ചർച്ച നടത്തുകയായിരുന്നു.
ചർച്ചയിൽ വേട്ടുതറയിലോ, സൗകര്യപ്രദമായ രീതിയിൽ വേട്ടുതറയ്ക്ക് സമീപത്തോ അടിപ്പാത നിർമിക്കുന്നതിനാവശ്യമായ റിപ്പോർട്ട് നൽകാമെന്ന് പ്രൊജക്ട് ഡയറക്ടർ സമരസമിതി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. അടിപ്പാത യാഥാർഥ്യമാകുമെന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചെങ്കിലും സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് സമരസമിതി ഭാരവാഹികൾ തീരുമാനിച്ചിട്ടുള്ളത്.
ചർച്ചയിൽ സമരസമിതി ചെയർപേഴ്സൺ തങ്കച്ചി പ്രഭാകരൻ, കൺവീനർ ബാജി സേനാഥിപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്. പള്ളിപ്പാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ പിള്ള തുടങ്ങിവർ പങ്കെടുത്തു.