വഖഫ് വിഷയം : കെസിബിസി പ്രകടിപ്പിച്ചത് കേരളത്തിലെ മുഴുവൻ ക്രൈസ്തവരുടെയും വികാരം : കേരളാ കാത്തലിക് ഫെഡറേഷൻ
1538912
Wednesday, April 2, 2025 6:07 AM IST
കൊല്ലം: വഖഫ് വിഷയത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി കേരളത്തിലെ എംപി മാരോട് ഉന്നയിച്ച ആവശ്യം കേരളത്തിലെ ക്രൈസ്തവരുടെ മുഴുവൻ വികാരമാണെന്ന് കെസിഎഫ് നേതൃയോഗം.
അതിനെ ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. തങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ തങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നത് ഏതെങ്കിലും ഒരു വർഗീയ നിലപാടാണെന്ന് വ്യാഖ്യാനിക്കുന്നത് അത്യന്തം ഖേദകരമാണ്.
മുനമ്പം ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന വികാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം നിലപാടുകൾ. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാട്ടുന്ന പക്ഷപാതപരമായ നിലപാടിനെതിരെയുള്ള പ്രതിഷേധം കൂടിയായി അതിനെ കാണാവുന്നതാണെന്ന് കേരള കത്തോലിക്ക ഫെഡറേഷൻ ചൂണ്ടിക്കാട്ടി. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.സി. ജോർജ് കുട്ടി, ട്രഷറർ അഡ്വ. ബിജു കുണ്ടുകുളം, ഭാരവാഹികളായ ജെയ്മോൻ തോട്ടുപുറം, ധർമരാജ് പിൻകുളം, സിന്ധു മോൾ ജസ്റ്റസ്, എബി കുന്നേപറമ്പിൽ, ടെസി ബിജു, ജെസി അലക്സ് എന്നിവർ പ്രസംഗിച്ചു.