പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ; കുളത്തൂപ്പുഴയിൽ മാട്ടിറച്ചി ലേലം നടന്നില്ല
1538596
Tuesday, April 1, 2025 6:23 AM IST
കുളത്തുപ്പുഴ : പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയിൽ കുളത്തൂപ്പുഴയിലെ മാട്ടിറച്ചി വ്യാപാരത്തിനുള്ള ലേല നടപടികൾ പൂർത്തീകരിക്കാത്തതിനാൽ ഇന്ന് മുതൽ പഞ്ചായത്തിൽ മാട്ടിറച്ചി വ്യാപാരം നടക്കില്ല. എല്ലാ തവണയും മാർച്ച് ആദ്യവാരം മുതൽ ലേല നടപടികൾ ആരംഭിക്കുന്നതായിരുന്നു പതിവ്.
ആദ്യതവണകളിൽ ലേലം ആരും കൊണ്ടില്ലെങ്കിൽ പിന്നീട് സമയമനുവദിച്ചു തുടർലേലങ്ങൾ നടത്തുകയോ ക്വട്ടേഷൻ സ്വീകരിക്കുകയോ ചെയ്യുമായിരുന്നു. മാർച്ച് അവസാനത്തോടെ ലേലനടപടികൾ പൂർത്തീകരിച്ച് നൽകുന്ന പതിവ് പഞ്ചായത്തിൽ ഉണ്ടായിരുന്നു. ഇക്കുറി ലേല നടപടികൾ ആരംഭിക്കുന്നതിൽ വന്ന കാലതാമസവും വലിയ തുകയിൽ ലേലം തുടങ്ങിയതും മൂലം ലേലത്തിൽ ആരും പങ്കെടുത്തില്ല.
നിയമനടപടികൾ പാലിച്ച് ലേലം പൂർത്തീകരിക്കാനുള്ള നടപടിയുമായി പഞ്ചായത്ത് അധികൃതർ മുന്നോട്ട് പോകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ എഫ്.ജോസഫ് ആവശ്യപ്പെട്ടു.