തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ് : ലീഗ് നേതാവ് കോടതിയിൽ കീഴടങ്ങി
1538914
Wednesday, April 2, 2025 6:07 AM IST
ചവറ : കെഎംഎംഎൽ കമ്പനിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ ഒളിവില്‍ ആയിരുന്ന മുസ്ലിം ലീഗ് മുൻ ദേശീയ കൗൺസിൽ അംഗം അബ്ദുൽ വഹാബ് കോടതിയില്‍ കീഴടങ്ങി. മുസ്ലിം ലീഗ് മുന്‍ ദേശീയ കൗൺസിൽ അംഗം ശൂരനാട് കുമരഞ്ചിറ പ്ലാവില വീട്ടിൽ അബ്ദുൽ വഹാബിനെ (65) പിന്നീട് ചവറ മജിസ്ട്രേട്ട് കോടതിയി ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വഞ്ചനാ കുറ്റംചുമത്തി ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇയാള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നുയെങ്കിലും ഒളിവില്‍ പോയ അബ്ദുൽ വഹാബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടർന്നാണ് അബ്ദുൽ വഹാബ് മജിസ്ട്രറ്റ് മുമ്പാകെ ഹാജരായത്. പന്മന വടക്കുംതല മുല്ലമംഗലത്ത് വീട്ടിൽ താജുദീന്റെ പക്കൽ നിന്നുമാണ് മകന് ജോലി നല്‍കാമെന്നു പറഞ്ഞു ഇയാൾ 25ലക്ഷം തട്ടിയെടുത്തത്. താജുദീന്റെ ഭാര്യ റസിയാ ബീഗമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പണം കൈപ്പറ്റുന്നതും എണ്ണി തിട്ടപ്പെടുത്തുന്നതും തൊഴിൽ വാഗ്ദാനം ചെയ്യുന്നതും അടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ പരാതിക്കാര്‍ മാധ്യമങ്ങളിലൂടെ നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തിൽ കേസെടുത്തത്. ഹജ്ജ് വിസ നൽകാം എന്ന് പറഞ്ഞ് ഒട്ടേറെ ആളുകളിൽ നിന്നും അബ്ദുൽ വഹാബ് പണം വാങ്ങിയിട്ടുണ്ടന്നും പോലീസ് പറയുന്നു.