മനംകവര്‍ന്ന് "കാര്‍മുകിൽ വര്ണൻ’
1538923
Wednesday, April 2, 2025 6:12 AM IST
നെയ്യാറ്റിന്‍കര : പാതയോരത്തെ നീലക്കാര്വര്ണന്റെ ശില്‍പ്പം കാഴ്ചക്കാരുടെ കണ്ണും കരളും കവരുന്നു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കരമന- കളിയിക്കാവിള പാതയില്‍ ക്ഷേത്രത്തിനു സമീപത്തായാണ് മനോഹരമായ ശില്‍പ്പം താത്കാലികമായി സ്ഥാപിച്ചിട്ടുള്ളത്.
കന്നിപ്പുറം കൃഷ്ണനിവാസില്‍ വെങ്കിടേശ്വരനാണ് ശില്‍പ്പി. മകള്‍ നവമി ജനിച്ചപ്പോള്‍ മനസില്‍ തോന്നിയ ആഗ്രഹം ഉത്സവ കാലത്ത് സാക്ഷാത്കരിക്കാനായതിന്റെ സന്തോഷത്തിലാണ് വെങ്കിടേശ്വരൻ. പത്തു ദിവസം കൊണ്ടാണ് ഉണ്ണിക്കണ്ണന്റെ കമനീയശില്പ്പം നിര്‍മ്മിച്ചത്.
ഭാര്യ ശ്രീലക്ഷ്മിയും കുടുംബാംഗങ്ങളും വെങ്കിടേശ്വരന്റെ ശില്പ്പചാതുര്യത്തിന് പ്രോത്സാഹനവും പിന്തുണയും നല്കുന്നു.
മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്നും ബിഎഫ്എയും തിരുവനന്തപുരത്തുനിന്നും പിജിയും പൂര്‍ത്തിയാക്കിയ വെങ്കിടേശ്വരന് ശില്പ്പകലയിലാണ് സജീവം.