ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് 1350.67 കോടി നൽകി
1538903
Wednesday, April 2, 2025 5:58 AM IST
കൊല്ലം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് 1350.67 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് എൻ.കെ. പ്രേമചന്ദ്രന് എംപിയെ ലോക്സഭയില്‍ അറിയിച്ചു.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി കേന്ദ്ര ഗവണ്മെന്റ് പ്രത്യേക ഫണ്ട് നല്കുന്നില്ലായെന്നും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മൊത്തത്തില്‍ ഫണ്ട് അനുവദിക്കുകയാണെന്നും അനുവദിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനയനുസരിച്ച് വിനിയോഗിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചതായി പ്രേമചന്ദ്രൻ പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയവും ഇന്‍സന്റീവും നല്കുവാന് കുടിശികയുള്ള തുക കേന്ദ്രം കേരളത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.