പുത്തൂർ കിഴക്കേ ചന്തയിലെ കെട്ടിടങ്ങൾ വെറുതെ കിടന്ന് നശിക്കുന്നു
1538581
Tuesday, April 1, 2025 6:23 AM IST
കൊട്ടാരക്കര: പുത്തൂർ കിഴക്കേ ചന്തയിലെ കെട്ടിടങ്ങൾ വെറുതെ കിടന്ന് നശിക്കുന്നു. നെടുവത്തൂർ പഞ്ചായത്തിന്റെ ചുമതലയിലാണ് പതിറ്റാണ്ടുമുൻപ് കിഴക്കേ ചന്തയിൽ കംഫർട്ട് സ്റ്റേഷൻ നിർമിക്കുന്നത്. എന്നാൽ പിന്നീട് ബിവറേജസ് കോർപറേഷന്റെ മദ്യവില്പനശാല തുടങ്ങാനായി ഇവിടം വിട്ടുനൽക്കുകയായിരുന്നു. വശങ്ങളിലേക്ക് ചരിപ്പുകളിറക്കിയും മുറി കെട്ടിത്തിരിച്ചുമാണ് ഇതിനായി സൗകര്യമുണ്ടാക്കിയത്.
വർഷങ്ങളോളം ഇവിടെ മദ്യവില്പനശാല പ്രവർത്തിച്ചു. മാസങ്ങൾക്ക് മുൻപ് മദ്യവില്പനശാല കല്ലുംമൂട് ജംഗ്ഷനിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. അതോടെ പഞ്ചായത്തുവക കെട്ടിടം ഉപേക്ഷിക്കപ്പെട്ടു. സമീപത്തെ പോലീസ് സ്റ്റേഷനിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്നത് ഇപ്പോൾ ഈ കെട്ടിടത്തിന് മുന്നിലാണ്. കംഫർട്ട് സ്റ്റേഷൻ മദ്യവില്പനശാലയ്ക്ക് നൽകിയപ്പോൾ പുതിയ കെട്ടിടവും പഞ്ചായത്ത് നിർമിച്ചു. ഇതും അടഞ്ഞുകിടക്കുകയാണ്.
ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളാണ് കിഴക്കേ ചന്തയിൽ നശിക്കുന്നത്. അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയാൽ ഇവ വാടകയ്ക്ക് നൽകാവുന്നതാണ്. കുടുംബശ്രീ സംവിധാനത്തിനുവേണ്ടി നിർമിച്ച കെട്ടിടം, പട്ടികജാതി വികസന വകുപ്പിന്റെ തുക ഉപയോഗിച്ച് നിർമിച്ച കെട്ടിടം എന്നിവയൊക്കെ ഇവിടെ ഉപയോഗമില്ലാതെ നശിക്കുമ്പോഴും പഞ്ചായത്ത് അധികൃതർ അനങ്ങുന്നില്ല. പുത്തൂർ പട്ടണത്തിന്റെ നടുവിൽ ഇത്രയധികം സൗകര്യങ്ങൾ ഉപയോഗിക്കാനാവാത്തത് അധികൃതരുടെ ഉദാസീനത മൂലമാണെന്നാണ് ആക്ഷേപം.
ചന്തയുടെ കുറച്ചുഭാഗം പോലീസ് സ്റ്റേഷൻ തുടങ്ങാനായി വിട്ടുനൽകി. സ്റ്റേഷൻ വന്നതോടെ ബാക്കി സ്ഥലത്തെല്ലാം വാഹനങ്ങളായി. ഇപ്പോൾ പുത്തൂർ കിഴക്കേ ചന്ത പേരിൽ മാത്രമൊതുങ്ങി. നെടുവത്തൂർ പഞ്ചായത്തിന് വലിയ വരുമാനം ഉണ്ടായിരുന്ന ചന്തയാണ് ഇങ്ങനെ അന്യാധീനപ്പെട്ടുന്നത്.