ലഹരിക്കെതിരേ ജാഗ്രത വേണം : മൗലവി ഇഹ്സാൻ അയിനി
1538594
Tuesday, April 1, 2025 6:23 AM IST
അഞ്ചൽ : ഒരുമാസം നീണ്ടു നിന്ന ആത്മസമർപ്പണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മുസ്ലിം ജനത ചെറിയ പെരുന്നാൾ ആഘോഷിച്ചു. നാടെങ്ങും ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടന്നു. ഈദ് ഗാഹുകളിൽ സ്ത്രീകൾക്ക് പെരുന്നാൾ നമസ്കാരം നടത്തുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
കരുകോൺ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ മൗലവി ഇഹ്സാൻ അയിനി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. മുതിർന്നവരും സ്ത്രീകളും കുട്ടികളും ഉൾപ്പെട് നൂറുകണക്കിനുപേർ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.
സാധാരണക്കാരെ ചേർത്തുനിർത്തുകയും അവരെ സഹായിക്കുകയും ചെയ്യുമ്പോഴാണ് ആഘോഷങ്ങൾ പൂർണമാകുന്നത്. മതബോധവും ധാർമികതയും മറക്കുന്ന സമൂഹമാണ് ലഹരിക്ക് അടിമയാകുന്നത്. ലഹരി ഉപയോഗിക്കില്ലെന്നു സ്വയം തീരുമാനം എടുക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് പെരുന്നാൾ സന്ദേശം നൽകികൊണ്ട് മൗലവി ഇഹ്സാൻ അയിനി പറഞ്ഞു. മലർവാടിബാല സംഘം സംഘടിപ്പിച്ച റമദാൻ പ്രശ്നോത്തരിയിൽ വിജയികളായ കുട്ടികളെ ഈദ് ഗാഹിൽ അനുമോദിച്ചു.