അവധിക്കാലത്ത് ലിയോണ്‍ കൃഷിയുടെ തിരക്കിലാണ്
1538926
Wednesday, April 2, 2025 6:12 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : വേനലവധിക്കായി സ്കൂള്‍ അടച്ചതോടെ ലിയോണ്‍ ഷിനു ഇനി ഏറെ നേരവും വീട്ടുപരിസരത്തെ സ്വന്തം കൃഷിയിടത്തിലായിരിക്കും.
ഇടിച്ചക്കപ്ലാമൂട് നോട്രെഡാം സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ലിയോണിന് കുഞ്ഞുന്നാള് മുതലേ കൃഷിയോടാണ് ആഭിമുഖ്യം. കാര്‍ഷിക പ്രവര്‍ത്തകനും പ്രചാരകനും സംസ്ഥാന കൃഷി വകുപ്പിലെ കൃഷി അസിസ്റ്റന്റുമായ വ്ളാത്താങ്കര കീഴമ്മാകം ചെമ്മണ്ണുവിള കരിയത്താംപഴിഞ്ഞി എസ്.കെ. ഭവനില്‍ എസ്.കെ ഷിനുവിന്റെയും ലിജിയുടെയും മകനാണ് ലിയോണ്‍. അച്ഛന്റെ സ്വാധീനമാണ് ലിയോണിനെ മണ്ണിലേയ്ക്കും കൃഷിയിലേയ്ക്കും അടുപ്പിച്ചത്.
നിലവില്‍ വ്ളാത്താങ്കര ചീര, തക്കാളി, വെണ്ട മുതലായ പച്ചക്കറികള്‍, കരിന്പ് എന്നിവയൊക്കെ ലിയോണ്‍ കൃഷി ചെയ്യുന്നുണ്ട്. അച്ഛനോടൊപ്പം നാട്ടിലെ വയലുകളും മറ്റു പ്രദേശങ്ങളിലെ കൃഷിയിടങ്ങളുമൊക്കെ സന്ദര്‍ശിക്കുന്നത് ലിയോണിനു വലിയ താത്പര്യമുള്ള കാര്യമാണ്. സ്കൂളില്‍ കൂട്ടുകാര്‍ക്ക് കൃഷിയറിവുകള്‍ പകര്‍ന്നു കൊടുക്കാനും ലിയോണിനു മടിയില്ല.
സ്വന്തം നാടിന്റെ പച്ചക്കറി ബ്രാന്‍ഡ് ആയ വ്ളാത്താങ്കര ചീരയോട് ഈ ബാലകര്‍ഷകന്‍ വല്ലാത്തൊരിഷ്ടമുണ്ട്. പഴയ കുട്ടകളില്‍ മണ്ണു നിറച്ചു ചീരവിത്തുകള്‍ പാകുന്നതും ജൈവവളം പ്രയോഗിക്കുന്നതും ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നതും തൈകളായാല് ഇളക്കി കൃഷിയിടത്തില്‍ നടുന്നതുമെല്ലാം ലിയോണ്‍ ഒറ്റയ് ക്കാണ്. അവധിക്കാലത്ത് കൂട്ടുകാരെല്ലാം കൃഷിയിലും അല്‍പ്പ സമയം ചെലവഴിക്കുന്നത് നല്ലതാണെന്നാണ് ലിയോണിന്റെ അഭിപ്രായം.