ബാറിൽനിന്ന് പുറത്തേക്കെറിഞ്ഞ ബിയർകുപ്പി ദേഹത്തുവീണ് അഞ്ച് വയസുകാരനും പിതാവിനും പരിക്ക്
1538924
Wednesday, April 2, 2025 6:12 AM IST
കാട്ടാക്കട: ബാറിൽനിന്നെറിഞ്ഞ ബിയർ കുപ്പി ദേഹത്തുവീണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസുകാരനും പിതാവിനും പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പതിനുശേഷം കഴിഞ്ഞ് കാട്ടാക്കട- തിരുവനന്തപുരം റോഡിലെ ബാറിനു മുന്നിലായിരുന്നു സംഭവം. കള്ളിക്കാട് അരുവിക്കുഴി സ്വദേശിയായ രജനീഷിനും മകൻ ആദം ജോണിനുമാണ് പരിക്കേറ്റത്. കാട്ടാക്കടയിലെ ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി ദേഹത്തു വീഴുകയായിരുന്നു.
കുഞ്ഞിന്റെ കാലിൽ ബിയർകുപ്പിയുടെ ചില്ല് പതിച്ച് മുറിവുണ്ടായി. നെഞ്ചിലും തലയിലും കുപ്പിയുടെ ചില്ലുകൾ വന്നു പതിച്ചു. ഇപ്പോൾ നെയ്യാറ്റിൻകര ജില്ലആശുപത്രിയിലാണ്. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന രണ്ടു സംഘങ്ങൾ തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് അത് കൈയാങ്കളിയിലേക്കു നീങ്ങി.
ഇതിനിടെ ബാറിനു മുന്നിൽ കാറിൽവന്ന സംഘം ഇവരെ വെല്ലുവിളിച്ചു. ബാറിൽനിന്നും പുറത്തിറങ്ങിയവർ കാറിൽ ഉണ്ടായിരുന്നവരുമായി തർക്കമാകുകയും ബാറിൽ നിന്നും വന്നവർ തങ്ങളുടെ കൈയിലിരുന്ന ബിയർകുപ്പി റോഡിൽ വലിച്ചെറിയുകയും ചെയ്തു. റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രജനീഷിന്റെ മകൻ ആദമിന്റെ ദേഹത്താണ് ബിയർകുപ്പി പൊട്ടിതെറിച്ചു വീണത്.
സ്കൂട്ടർ മറിഞ്ഞതോടെ കുട്ടിക്കു സാരമായി പരിക്കേറ്റു. പിതാവിനും തലയ്ക്ക് പരിക്കുണ്ട്. അപകടം മണത്തതോടെ സംഘം രക്ഷപ്പെട്ടു. കാട്ടാക്കട പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. സംഘത്തെ ഉടൻ പിടിക്കുമെന്ന് പോലീസ് അറിയിച്ചു.