ഏരൂർ പഞ്ചായത്ത് ഇനി ഹരിത പഞ്ചായത്ത്
1538580
Tuesday, April 1, 2025 6:23 AM IST
അഞ്ചല്‍ : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഏരൂർ ഗ്രാമപഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖാപിച്ചു. നിരവധിയാളുകള്‍ വമ്പിച്ച റാലിയോടെയാണ് പ്രഖ്യാപനം നടന്നത്. പി.എസ്. സുപാല്‍ എംഎല്‍എയാണ് ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തിയത്.
പഞ്ചായത്ത് തലത്തിൽ ജനകീയ സമിതി രൂപീകരിച്ചും മുഴുവൻ വാർഡുകളിലും വാർഡുതല ജനകീയ സമിതികൾ രൂപീകരിച്ചും ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഏരൂര്‍ പഞ്ചായത്ത് ഹരിത പഞ്ചായത്തിലേക്ക് എത്തിയത്. കഴിഞ്ഞ ആറ് മാസമായി ഹരിതകർമസേനയിലൂടെ വാതിൽ പടി സേവനം നൂറു ശതമാനം ഉറപ്പുവരുത്താനും പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബിന്നുകൾ, സ്കൂളുകളിൽ ജൈവ മാലിന്യ സംസ്കാരണ സംവിധനങ്ങൾ, കവലകളില്‍ എല്ലാം ബോട്ടിൽ ബൂത്തുകൾ, വീടുകളിൽ ബയോ ബിന്നുകൾ ഉള്‍പ്പടെ സ്ഥാപിക്കുകയും ചെയ്തു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപെടുത്തി കമ്പോസ്റ്റ് ബിറ്റ്, സോക്ക് പിറ്റ്, റിംഗ് കമ്പോസ്റ്റ് മുതലായ നിർമിച്ചു. പഞ്ചായത്തിലെ മുഴുവൻ ആളുകകളുടെയും സമ്പൂർണ സഹകരണമാണ് സമ്പൂർണ ശുചിത്വ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് ഉപയോഗപ്പെടുത്തിയത്. ചടങ്ങില്‍ ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത് അധ്യക്ഷനായി. ഹരിതകർമസേന പുതുതായി തുടങ്ങിയ ഇനോകുലം വിപണന കേന്ദ്രവും ഗ്രീൻ ഇവന്റിന്റേയും ഉദ്ഘാടനം കശുവണ്ടി വികസന കോര്പറേഷന് ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു.
പഞ്ചായത്തിനെ ഹരിത പഞ്ചായത്താക്കുന്നതിനു മുൻ നിരയിൽ നിന്നവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അനുമോദിച്ചു. ഷൈൻ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഷാജി, ഡോൺ.വി. രാജ്, ദിവ്യ ജയചന്ദ്രൻ, ശോഭ, സന്ധ്യ ബിനു, സുജിത അജി, അഞ്ചു, അനുരാജ്, നസീർ, ഫൗസിയ തുടങ്ങിയവർ പ്രസംഗിച്ചു.