വനിതകൾക്കുള്ള വസ്ത്ര വിതരണത്തിന്റെ ആദ്യഘട്ടം ആലപ്പാട് പഞ്ചായത്തിൽ പൂർത്തിയായി
1538593
Tuesday, April 1, 2025 6:23 AM IST
അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നൽകി വരുന്ന അമൃതശ്രീ സ്വയം സഹായ സംഘാംഗങ്ങളായ വനിതകൾക്കുള്ള വസ്ത്ര വിതരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. കൊല്ലം ആലപ്പാട് പഞ്ചായത്തിലെ വനിതകൾക്കാണ് വസ്ത്രവിതരണം നടത്തിയത്.
പറയകടവ്, കുഴിത്തറ, ആലപ്പാട്, ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത്, ശ്രായിക്കാട്, അഴിക്കൽ നോർത്ത്, അഴീക്കൽ സൗത്ത് എന്നീ മേഖലകളിലെ വനിതകൾക്ക് ആശ്രമത്തിന്റെ നേതൃത്വത്തിൽ സാരി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇതുവരെ പതിനായിരത്തിലധികം പേർക്ക് വസ്ത്രം വിതരണം ചെയ്തു.
വരും ദിവസങ്ങളിൽ കന്യാകുമാരി മുതൽ കാസർഗോഡുവരെയുള്ള എല്ലാ അമൃതശ്രീ സ്വയം സഹായ സംഘങ്ങൾക്കും സൗജന്യ വസ്ത്രവിതരണം നടത്തും.
മാതാ അമൃതാനന്ദമയി മഠത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ അമൃതശ്രീയിൽ ഏകദേശം പതിനയ്യായിരം സംഘങ്ങളും രണ്ടരലക്ഷത്തിലധികം അംഗങ്ങളുമാണുള്ളത്. എല്ലാ സംഘങ്ങൾക്കും പ്രവർത്തനമൂലധനവും വസ്ത്രവും വർഷംതോറും മഠം നൽകിവരുന്നു.