അങ്കണവാടി ജീവനക്കാരുടെ വേതനം കൂട്ടണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ പാർലമെന്റിൽ
1538906
Wednesday, April 2, 2025 5:58 AM IST
കൊല്ലം: അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കണമെന്നും ആനുകൂല്യങ്ങളും പെൻഷനും മറ്റ് ക്ഷേമപദ്ധതികളും അങ്കണവാടി ജീവനക്കാർക്കും അനുവദിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി പാർല മെന്റിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം പാർലമെന്റിൽ പ്രേമചന്ദ്രൻ ഉന്നയിച്ചത്.
ഐസിഡിഎസ് പദ്ധതിയുടെ മുന്നണി പോരാളികളാണ് അങ്കണവാടി ജീവനക്കാർ. കുട്ടികളുടെ പോഷക ആഹാരം നൽകുക, നഴ്സറി വിദ്യാഭ്യാസം സാധ്യമാക്കുക, ആരോഗ്യ പരിശോധനകൾ ഉറപ്പാക്കുക തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങളാണ് അങ്കണവാടി ജീവനക്കാർക്കുളളത്.
വലിയ ഉത്തരവാദിത്തങ്ങളും ഏറ്റവും കുറഞ്ഞ വേതനവും ആനുകൂല്യങ്ങളുമാണ് അങ്കണവാടി ജീവനക്കാർക്ക് അനുവദിച്ചിട്ടുളളത്.
അങ്കണവാടി ജീവനക്കാരുടെ ഒഴിവാക്കാനാവാത്ത ദൈനംദിന കാര്യങ്ങൾ പോലും നടത്താൻ കഴിയാത്ത വണ്ണമുളള സേവന വേതന വ്യവസ്ഥകളാണ് നിലവിലുളളത്. വേതനം വർദധിപ്പിക്കുക, ഇഎസ്ഐ നടപ്പാക്കുക, പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി ജീവനക്കാർ കേരളത്തിൽ സമരത്തിലാണ്.
അങ്കണവാടി ജീവനക്കാരുടെ ജോലിയും വേതനവും ആനുപാതികമല്ല. ആശാവർക്കർമാരോടും അങ്കണവാടി ജീവനക്കാരോടും കാണിക്കുന്നത് ലിംഗവിവേചനമാണ്.
ഭരണഘടനാപരമായി തുല്യതയുണ്ടെങ്കിലും വനിതകളായ അങ്കണവാടി ജീവനക്കാരോടും ആശാവർക്കർമാരോടും വിവേചനപരമായ നിലപാട് സ്വീകരിക്കുന്നത് ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. അടിയന്തിരമായി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പാർല മെന്റിൽ ആവശ്യപ്പെട്ടു.