എംഡിഎംഎ മൊത്ത വിതരണം : വിദേശ പൗരൻ പിടിയിൽ
1538901
Wednesday, April 2, 2025 5:58 AM IST
കൊല്ലം: കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയായ അഗ്ബെദോ സോളമൻ (29) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 27നാണ് നൈജീരിയൻ സ്വദേശികൾ കൂടുതലായി താമസിക്കുന്ന ഉത്തം നഗർ ഹസ്തൽ വില്ലേജിൽ നിന്നും ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തുന്നത്.കഴിഞ്ഞ 17ന് ഡൽഹിയിൽ നിന്നും എത്തിച്ച നാല് ലക്ഷത്തോളം വില വരുന്ന 90 ഗ്രാം എംഡിഎംഎയുമായി ഉമയനല്ലൂർ വടക്കുംക്കര റിജി നിവാസിൽ എ. ഷിജു (34)വിനെ മാടൻനടയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഗ്ബെദോ സോളമനിലേക്ക് പോലീസ് എത്തുന്നത്.
തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദേശ പ്രകാരം ഇരവിപുരം എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 25ന് ഡൽഹിയിൽ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമൻ പോലീസിന്റെ വലയിൽ വീഴുന്നത്.
ഇരവിപുരം പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സിപിഒമാരായ സുമേഷ്, ഷാൻ അലി, സജിൻ, സുമേഷ് എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു.