കൊല്ലത്തെ ആകാശപ്പാത നോക്കുകുത്തിയായി
1538598
Tuesday, April 1, 2025 6:23 AM IST
കൊല്ലം: നഗരമധ്യത്തിൽ കോർപറേഷൻ നിർമിച്ച മേൽപ്പാലം നോക്കുകുത്തിയായി മാറി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച ഹൈസ്കൂള്‍ ജംഗ്ഷനിലെ മേല്‍പ്പാലമാണ് വർഷങ്ങളായി അനാഥമായി കിടക്കുന്നത്. ആറുവര്‍ഷം മുന്‍പ് അശാസ്ത്രീയമായി നിര്‍മിച്ച ആകാശപ്പാതയിലൂടെ പകൽ പോലും വളരെ ചുരുക്കം ആളുകളാണ് ഇപ്പോഴും കടന്നുപോകുന്നത്. രാത്രിയായാൽ പാലം യാചകരുടെയും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തകരുടെയും താവളമാണ്. മഴക്കാലത്ത് ഇവരെല്ലാം അന്തിയുറങ്ങുന്നതും ഇവിടെയാണ്. ഇരുളിന്റെ മറവിൽ ഇവിടെ മയക്ക് മരുന്ന് വില്പന അടക്കം നടക്കുന്നതായാണ് ആക്ഷേപം.
നഗരത്തെ സൗന്ദര്യവത്കരിച്ച് മോഡേൺ സിറ്റിയാക്കി മാറ്റാനും കാല്‍നട യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും റോഡപകടങ്ങളും കുറയ്ക്കാനുമാണ് നഗരസഭ അധികൃതർ ആകാശപ്പാത പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ തലയെടുപ്പോടെ നീണ്ടു കിടക്കുന്ന ഈ നടപ്പാലം ആരും ഉപയോഗിക്കാത്ത സ്ഥിതിയിലാണ്. ദിവസവും യാത്രികരുടെ വന്‍തിരക്ക് അനുഭവപ്പെടുന്ന മേഖലയാണ് കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന്.
ജംഗ്ഷന് സമീപത്തായി ഒന്നില്‍ കൂടുതല്‍ സ്കൂളുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ദിവസവും വിദ്യാർഥികൾ അടക്കം ആയിരക്കണക്കിന് പേരാണ് ബസ് കയറാനും കാല്‍നട യാത്രയ്ക്കായും എത്തുന്നത്. ദിവസവും 150 ഓളം ബസുകളും ജംഗ്ഷൻ വഴി കടന്നുപോകുന്നുണ്ട്. റോഡ് മുറിച്ച് കടന്നാണ് ചവറ റൂട്ടിലേക്കുള്ള ബസ് കയറാനായി ആൾക്കാർ മറുവശത്ത് ഇറങ്ങുന്നത്. ഇതില്‍ അപൂര്‍വം ചിലർ മാത്രമാണ് ആകാശപ്പാത ഉപയോഗിക്കുന്നത്.
ആകാശപ്പാത ഉപയോഗ ശൂന്യമായി കിടക്കുന്നതിനാല്‍ ഇവിടെ നായശല്യവും രൂക്ഷമാണ്. നഗരത്തില്‍ നിലവിലുള്ള മറ്റ് ആകാശപ്പാതകളും ശൂന്യമായി കിടക്കുമ്പോഴും പുതിയ ആകാശപ്പാതകള്ക്ക് അധികാരികള്‍ അനുമതി നല്‍കുന്നത് വിചിത്രമായ ഒന്നാണ്. കോർപറേഷന്റെ ഇത്തവണത്തെ ബജറ്റിലും നഗരത്തിൽ പുതിയ മേൽപ്പാലം നിർമിക്കുന്നതിന് നിർദേശമുണ്ട്.
ഹൈസ്കൂള്‍ ജംഗ്ഷൻ കൂടാതെ പാര്‍വതി മില്‍ ജംഗ്ഷന്, ചെമ്മാന്‍മുക്ക് എന്നീ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള നടപ്പാലങ്ങൾ നിര്‍മിച്ചിട്ടുണ്ട്. മൂന്നിന്റെയും നിര്‍മാണം ഒരേ സമയത്തായിരുന്നു. നിലവില്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ മാത്രമാണ് മേല്‍പ്പാലം ഉപയോഗിക്കുന്നത്. സമയനഷ്ടം, കുത്തനെയുള്ള പടികള്‍ കയറുന്ന ബുദ്ധിമുട്ട് എന്നിവ കാരണമാണ് പാത ഉപയോഗിക്കാത്തതെന്നാണ് നഗരവാസികൾ ആരോപിക്കുന്നത്. കോർപറേഷൻ അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മ തന്നെയാണ് മേൽപ്പാലങ്ങളുടെ ഈ ദുസ്ഥിതിക്ക് പ്രധാന കാരണം.
സ്വന്തം ലേഖകൻ