ഗവ.വിക്ടോറിയ ആശുപത്രിയിൽ പിരിച്ചുവിട്ട ജീവനക്കാർക്ക് നിയമനം നൽകാൻ നീക്കം
1538916
Wednesday, April 2, 2025 6:07 AM IST
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി
കൊല്ലം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി ഗവ. വിക്ടോറിയ ആശുപത്രിയിൽ പിരിച്ചുവിട്ട താൽകാലിക ജീവനക്കാർക്ക് വീണ്ടും നിയമനം നടത്താൻ നീക്കം. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 73 പേരെയാണ് തിരിച്ചെടുക്കാനുള്ള നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ജീവനക്കാരെ പിരിച്ചുവിട്ടത്.
ഇവരെ നാളെ വീണ്ടും തിരിച്ചെടുക്കുന്നതിനാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും ആശുപത്രി അപ്രൈസൽ കമ്മിറ്റിയും തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറക്കി. പിരിച്ചുവിട്ടവർ കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഇസിജി ടെക്നീഷ്യൻ, കംപ്യൂട്ടർ ടെക്നീഷ്യൻ, ഡേറ്റാ എൻട്രി ഓപറേറ്റർ അടക്കമുള്ള പോസ്റ്റുകളിൽ ജോലി നോക്കിയിരുന്നവരാണ്. ഇവർ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്തുവന്നത്. ഓരോ വർഷവും ഇവരുടെ കരാർ പുതുക്കി നൽകിവരികയാണ്.
ഇതിനിടയിൽ പോലും പുതിയതായി ഈ പോസ്റ്റുകളിലേക്ക് ആരെയും എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ തൊഴിലിനായി വിവിധയിടങ്ങൾ കയറിയിറങ്ങുമ്പോഴാണ് കരാർ നിയമ വ്യവസ്ഥയിലുള്ള പോസ്റ്റുകളിൽ മറ്റുള്ളവർക്ക് ജോലി നൽകാതെയുള്ള അധികൃതരുടെ നടപടി.
സർക്കാർ സ്ഥാപനങ്ങളിലെ താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് സർക്കാരിന്റെ നിർദേശം ഉൾപ്പടെ നിലനിൽക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഇത്തരം നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് വിടാത്തതെന്ന ചോദ്യത്തിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കൃത്യമായ മറുപടിയില്ല.
തൊഴിൽതേടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ ഉൾപ്പടെ ശക്തമായ സമരം നടത്തുമ്പോഴാണ്, ജില്ലാ ആശുപത്രിയിൽ വഴിവിട്ട ഇത്തരം നിയമനങ്ങൾ നടക്കുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്.
യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി
കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രിയിൽ അനധികൃത നിയമനം നടത്തുന്നുവെന്ന് ആരോപിച്ച് യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സൂപ്രണ്ടിന്റെ അഭാവത്തിൽ ആർഎംഒ ഓഫീസിനുള്ളിൽ കടന്ന് മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു മണിക്കൂറിലധികം പ്രവർത്തകർ ആർഎംഒയെ ഉപരോധിച്ചു.
ഇന്ന് നടക്കുന്ന തിരിച്ചെടുക്കൽ പ്രക്രിയ റദ്ദാക്കണമെന്നും തീയതി നീട്ടി വെച്ച് 73 പേരുടെ പട്ടിക ഉൾപ്പെടുത്തി പുറത്തിറക്കിയ ലിസ്റ്റ് ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് ഡിഎംഒയുമായി ബന്ധപ്പെട്ട് യുവമോർച്ചയുടെ ആവശ്യങ്ങൾ ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും തിരിച്ചെടുക്കൽ തീയതി നീട്ടി വെക്കാമെന്നും ആർഎംഒ അറിയിച്ചു.
നേതാക്കന്മാർ അത് രേഖമൂലം എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആർഎംഒ നിഷേധിച്ചു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ഓഫീസിനു മുൻപിൽ കുത്തിയിരുന്നു.
എഴുതി നൽകാതെ സമരം അവസാനിപ്പിക്കില്ലന്ന് യുവമോർച്ച നേതാക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസെത്തി യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം,ജില്ലാ വൈസ് പ്രസിഡന്റ് ശരത് മാമ്പൂർ, മണ്ഡലം പ്രസിഡന്റ്് ജിത്തു, ജില്ലാ കമ്മിറ്റി അംഗം അഭിരാം, സുബി, ജനറൽ സെക്രട്ടറിമാരായ എം.എസ്.ആദിത്യൻ, ബാലു ശങ്കർ, ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധം ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.