ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസ് : ഒരാൾ കൂടി പിടിയിൽ
1538586
Tuesday, April 1, 2025 6:23 AM IST
കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ പങ്കാളിയായ ഒരാൾ കൂടി പിടിയിൽ. കുതിരപ്പതി സ്വദേശി സോനുവാണ് കസ്റ്റഡിയിലായത്. ഓച്ചിറ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ വള്ളികുന്നത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കാറിൽ ആകെ ആറ് പേരാണ് ഉണ്ടായിരുന്നത്.
കരുനാഗപ്പള്ളി കൊലപാതകത്തിലെ മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ പോലീസ് കണ്ടെത്തി. മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. പോലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്. പങ്കജ്, അലുവ അതുല്‍ തുടങ്ങിയവരുടെ വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ അടക്കം കണ്ടെടുക്കുന്നത്. മറ്റു പ്രതികളുടെ വീട്ടില്‍ നിന്ന് തോട്ടയുണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും കിട്ടി.
അതുലിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആലുവയില്‍ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഓടി രക്ഷപ്പെടുന്ന സാഹചര്യമുള്പ്പടെയുണ്ടായി.മാർച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്.
വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണം.