ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച പകൽവീട് നാശാവസ്ഥയിൽ
1513320
Wednesday, February 12, 2025 5:48 AM IST
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്ത് താഴം വാർഡിൽ നിർമിച്ച പകൽവീട് നാശാവസ്ഥയിൽ. മുറ്റമാകെ കാടുവളർന്നു. കിണറിനകവും ഇടിഞ്ഞു താഴ്ന്നു. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. ജി.എസ്. ജയലാൽഎംഎൽഎ ഉദ്ഘാടനം ചെയ്ത കെട്ടിടം, ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് നാൾ പ്രവർത്തിച്ചിരുന്നു.
വൃദ്ധജനങ്ങളുടെ ക്ഷേമവും പരിപാലനവുമായിരുന്നു ലക്ഷ്യം. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും ഒത്തുകൂടുന്നതിനും പറ്റിയ ഇടമായിരുന്നു. ഭക്ഷണം കഴിക്കാനും ടിവി കാണുന്നതിനും, കാരംസ്, ചെസ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുമുളള സൗകര്യമുണ്ടായിരുന്നു.
പദ്ധതിയുടെ ഭാഗമായി പകൽവീട്ടിൽ സൗജന്യ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ഇതെല്ലാം ദിവസങ്ങൾക്കകം തന്നെ നിലച്ചു. ഇപ്പോൾ ഗേറ്റ് പോലും അടയ്ക്കാറില്ല. പകൽവീടിന് പിന്നാലെ ഇതേ കെട്ടിടത്തിനോട് ചേർന്ന് ബഡ്സ് സ്കൂളിനുള്ള കെട്ടിട നിർമാണം ആരംഭിച്ചു.