വസ്തു അളക്കാൻ 3,000 രൂപ കൈക്കൂലി; കൊല്ലത്ത് താലൂക്ക് സർവേയർ അറസ്റ്റിൽ
1513077
Tuesday, February 11, 2025 5:47 AM IST
കൊല്ലം: കൊല്ലത്തെ താലൂക്ക് സർവേയർ 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. വസ്തു അളന്ന് തിരിക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് താലൂക്ക് സർവേയറെ വിജിലൻസ് കൈയോടെ പിടികൂടിയത്.
കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ് വസ്തു അളന്ന് തിരിക്കുന്നതിനായി കഴിഞ്ഞ വർഷം ഡിസംബറിൽ കൊല്ലം താലൂക്ക് ഓഫീസിൽ അഞ്ചൽ സ്വദേശിയായ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. വസ്തു അളക്കുന്നതിന് താലൂക്ക് സർവേയർ അനിൽ കുമാറിനെ പല തവണ നേരിൽ കണ്ടിട്ടും വസ്തു അളക്കാൻ തയാറായില്ല.
ജനുവരി 15 ന് സർവേയറെ വീണ്ടും പരാതിക്കാരൻ കാണുമ്പോൾ 3,000 രൂപ കൈക്കൂലി നൽകിയാൽ വസ്തു അളക്കാൻ വരാമെന്ന് പറഞ്ഞു. ഈ വിവരം പരാതിക്കാരൻ കൊല്ലം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചതോടെ വിജിലൻസ് സർവേയർക്ക് കെണിയൊരുക്കി.
ഇന്നലെ രാവിലെ 11.30 ഓടെ വസ്തു അളന്നശേഷം അവിടെ വച്ച് പരാതിക്കാരനിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് താലൂക്ക് സർവേയർ അനിൽകുമാറിനെ കൊല്ലം വിജിലൻസ് ഡിവൈഎസ്പി സാനിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാരായ ജയകുമാർ, ജസ്റ്റിൻ ജോൺ, ജോഷി, അനിൽകുമാർ, അജിത്കുമാർ, ശശികുമാർ, സുൽഫി, ഷിബു സക്കറിയ, ഷാജി തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതിയുടെ വീട്ടിൽ പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ, ഗ്രേഡ് എസ്ഐ ഹരികുമാർ, റഷീദ്, ഷൈലജ, ഡ്രൈവർ ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിപ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.