പുനലൂരിൽ കഫേ കുടുംബശ്രീ ഫുഡ് കോർട്ടും ഭക്ഷ്യമേളയും തുടങ്ങി
1513301
Wednesday, February 12, 2025 5:33 AM IST
പുനലൂർ: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പുനലൂരിൽ കഫേ കുടുംബശ്രീ ഫുഡ് കോർട്ടും ഭക്ഷ്യമേളയും ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത മേള ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷൻ രജ്ഞിത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊല്ലം ഡിഎംസി ആർ.വിമൽ ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബിനോയ് രാജൻ, പ്രിയ പിള്ള, വസന്ത രഞ്ജൻ, പി.എ. അനസ്, കെ. കനകമ്മ, പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിച്ച 100 ൽപരം ഇനങ്ങൾ ഭക്ഷ്യമേളയിൽ പ്രദർശനത്തിന് വച്ച് വിറ്റഴിക്കും. ലൈവ് ഫുഡ് സ്റ്റാളുകളും ലൈവ് ജൂസ് കൗണ്ടറുകളും മേളയിൽ സജ്ജമാക്കിയിട്ടുണ്ട്. മേളക്ക് ഒപ്പം കുടുംബശ്രീ അയൽകൂട്ടം അംഗങ്ങളും ബാലസഭ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
ചെമ്മന്തൂരിലെ കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ ആരംഭിച്ച മേള 15ന് അവസാനിക്കുമെന്ന് സിഡിഎസ് നഗരസഭ ചെയർ പേഴ്സൺ സുശീലാ രാധാകൃഷ്ണൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. പി.എ. അനസ് മുൻ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, റസൂൽ ബീവി, ഗീത ബാബു, മോനിഷ, ഷെമി, ഷാമില എന്നിവർ അറിയിച്ചു.