റോഡപകടങ്ങളിൽ മരിക്കുന്നവരിൽ വലിയപങ്ക് കൗമാരക്കാർ: മന്ത്രി ജെ. ചിഞ്ചുറാണി
1513082
Tuesday, February 11, 2025 5:47 AM IST
കൊല്ലം: റോഡപകടങ്ങളിൽ മരിക്കുന്നവരിൽ വലിയ പങ്ക് കൗമാരക്കാരും യുവാക്കളുമാണെന്നത് ആശങ്കാജനകമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ഗ്രന്ഥശാലകൾ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൂടി ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്എൻവി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ഗോപു അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.
ഗോപുവിന്റെ മാതാപിതാക്കൾ നിർമിച്ചു നൽകിയ കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. ഗോപുവിന്റെ അഞ്ചാം ചരമവാർഷികത്തിൽ നിർധനരായ സ്ത്രീകൾക്കായി നൽകിയ വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ജ്യോതി അധ്യക്ഷത വഹിച്ചു. 'ലഹരിക്ക് അടിമപ്പെടുന്ന യുവത' എന്ന വിഷയത്തിൽ ലഹരി വർജന മിഷൻ 'വിമുക്തി'യുടെ ചുമതലക്കാരനായ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജി. ശ്രീകുമാർ ബോധവത്കരണ ക്ലാസ് എടുത്തു.
അജയ് ശിവരാജൻ, കൗൺസിലർ സവിതാ ദേവി, വികസന സമിതി അംഗങ്ങളായ ജി.ആർ. കൃഷ്ണകുമാർ, അഴകത്ത് ജെ. ഹരികുമാർ, വി. രാജു മാതാപിതാക്കൾ എസ്. രാജു, ബീന എന്നിവർ പ്രസംഗിച്ചു. പച്ചക്കറി തൈകളുടെ വിതരണം നടന്നു.