ഓയില്‍പാം കണ്ടഞ്ചിറ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം
1513296
Wednesday, February 12, 2025 5:33 AM IST
അഞ്ചല്‍: ഓയില്‍പാമിന്റെ കുളത്തൂപ്പുഴ കണ്ടഞ്ചിറ തോട്ടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏക്കര്‍ കണക്കിനു തോട്ടം കത്തി നശിച്ചു. ഉച്ചക്ക് മൂന്നോടെയാണ് തീ പിടിത്തം ഉണ്ടായത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം ഓയില്‍പാം അധികൃതരെ അറിയിച്ചത്.
കടയ്ക്കല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് ശ്രമിച്ചെങ്കിലും, തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. വലിയ രീതിയിലെ പുകയും കാറ്റും തീ അണയ്ക്കുന്നതില്‍ ബുദ്ധിമുട്ടായി. തീ പിടിച്ച സ്ഥലത്ത് എത്താനുള്ള വഴി സൗകര്യവും തിരിച്ചടിയായി. നാട്ടുകാരും ഓയില്‍ പാം തൊഴിലാളികളും പോലീസും ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു.
വൈകുന്നേരത്തോടെ കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കുളത്തൂപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. എക്കര്‍കണക്കിന് സ്ഥലത്തെ എണ്ണപ്പനകളും തൈകളും അടിക്കാടും കത്തി നശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഫയര്‍ ലൈന്‍ തെളിയിക്കുന്നതില്‍ ഉള്‍പ്പെടെ ഓയില്‍പാം മാനേജ്മെന്റ് പരാജയപ്പെട്ടതാണ് വേനലിന്റെ തുടക്കത്തില്‍ തന്നെ വലിയ തീ പിടിത്തം ഉണ്ടായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.