പുനലൂര്‍ - ആര്യങ്കാവ് റോഡ് സുരക്ഷാ നടപടികള്‍ ഊര്‍ജിതമാക്കും : അവലോകന യോഗം ചേര്‍ന്നു
1513078
Tuesday, February 11, 2025 5:47 AM IST
കൊല്ലം: ദേശീയപാത 744 ല്‍ പുനലൂര്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രറ്റിന്റെ അധ്യക്ഷതയില്‍ പുനലൂരില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി.
റോഡ് സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പിഡബ്ല്യൂഡി (ദേശീയപാത) വിഭാഗത്തിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി ദേശീയപാതാ അഥോറിറ്റിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് അവലോകന യോഗം ചേര്‍ന്നത്.
കൊരുപ്പുകട്ടകള്‍ ഇളകി അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങുമെന്ന് പിഡബ്ല്യൂഡി (ദേശീയപാത) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. ഒറ്റക്കല്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള ഭാഗത്ത് നടത്തേണ്ട പ്രവര്‍ത്തികള്‍ക്ക് ദേശീയപാത അഥോറിറ്റിയില്‍ നിന്ന് ഭരണാനുമതി ലഭിച്ചു.
ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണി തുടങ്ങി ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അവര്‍ അറിയിച്ചു. റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് നടപടി കൈക്കൊള്ളാന്‍ പുനലൂര്‍ മുനിസിപ്പാലിറ്റി, തെന്മല, ആര്യങ്കാവ് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. തെന്മല ഡാം ജംഗ്ഷനിലെ തകര്‍ന്ന ട്രാഫിക് ഐലന്‍ഡ് ഉടന്‍ നീക്കം ചെയ്യുമെന്ന് പിഡബ്ല്യൂഡി (റോഡ്സ്) വിഭാഗം അറിയിച്ചു.
തെന്മല ജംഗ്ഷനും ഡാം ജംഗ്ഷനും ഇടയിലുള്ള ഹെയര്‍പിന്‍ വളവില്‍ അപകടത്തില്‍ തകര്‍ന്ന സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. തെന്മല ഡാം ജംഗ്ഷനില്‍ ഉചിതമായ സ്ഥലം കണ്ടെത്തി ഹൈ മാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതിന് തെന്മല പഞ്ചായത്ത് സെക്രട്ടറി, പോലീസ്, പിഡബ്ല്യൂഡി (റോഡ്സ്) വിഭാഗം എന്നിവരെ ചുമതലപ്പെടുത്തി.
റോഡ് സുരക്ഷ അതീവ പ്രാധാന്യമുള്ള വിഷയമായതിനാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എഡിഎം ജി.നിര്‍മല്‍ കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടെന്‍ഡര്‍ പൂര്‍ത്തിയായവ മാര്‍ച്ച് മാസത്തോടെയും ബാക്കിയുള്ളവ മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് മെയ് മാസത്തോടെയും പൂര്‍ത്തിയാക്കണം.
എഡിഎമ്മിന്റെ അധ്യക്ഷതില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പുനലൂര്‍ ആര്‍ഡിഒ ജി. സുരേഷ് ബാബു, കൊല്ലം ആര്‍ടിഒ എന്‍.സി.അജിത് കുമാര്‍, പിഡബ്ല്യൂഡി (ദേശീയപാത, റോഡ്സ് വിഭാഗങ്ങള്‍), ദേശീയ പാതാ അഥോറിറ്റി, പോലീസ്, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകള്‍, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.