ചുടുകട്ട ജംഗ്ഷനിൽ മരം അപകടനിലയില്‍; കൊമ്പുകള്‍ മുറിച്ചു
1513084
Tuesday, February 11, 2025 5:47 AM IST
പുനലൂര്‍: മലയോര ഹൈവേയില്‍ കരവാളൂര്‍ ചുടുകട്ട ജംഗ്ഷനിലെ കൂറ്റന്‍ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു. മരം അപകടനിലയിലാണെന്ന ട്രീ കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് നടപടി. അസാധാരണ വലുപ്പം മൂലം തായ്ത്തടി മുറിക്കാനാവാത്ത സാഹചര്യത്തില്‍ മരം ലേലം ചെയ്ത് പൂര്‍ണമായും മുറിച്ചുനീക്കാനാണ് മരാമത്ത് വകുപ്പിന്റെ തീരുമാനം.
പുനലൂര്‍ നഗരസഭയുടേയും കരവാളൂര്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയായ ചുടുകട്ട ജംഗ്ഷനില്‍ വര്‍ഷങ്ങളായി നില്ക്കുന്ന മരമാണിത്. അസാധാരണ വലിപ്പത്തില്‍ വളര്‍ന്ന ഈ മരം മുറിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
ഏതാനും മാസം മുന്‍പ് ഹൈവേയില്‍ ചുടുകട്ട ജംഗ്ഷനും അടുക്കളമൂല ജംഗ്ഷനും മധ്യേ നിന്നിരുന്ന കൂറ്റന്‍ ആഞ്ഞിലിമരം റോഡിന് കുറുകെ കടപുഴകി വീണതോടെ ആവശ്യം ശക്തമായി. മലയോര ഹൈവേയുടെ വശങ്ങളില് അപകടനിലയില്‍ നിന്ന പല മരങ്ങളും മുറിച്ചുനീക്കിയെങ്കിലും ചുടുകട്ട ജംഗ്ഷനിലെ മരം മുറിച്ചില്ല. ഇതിന്റെ അസാധാരണ വലിപ്പമാണ് കാരണം.
വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മരം മുറിച്ചുനീക്കാന്‍ മരാമത്ത് വകുപ്പ് ശ്രമം നടത്തിയത്. എന്നാല്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൊണ്ട് അസാധാരണ വലുപ്പമുള്ള തായ്ത്തടി മുറിക്കാനായില്ല. ഇതെത്തുടര്‍ന്നാണ് കൊമ്പുകള്‍ മുറിച്ചുനീക്കിയത്. ഇനി മരം ലേലം ചെയ്തുനല്‍കി മുറിച്ചുനീക്കാനാണ് ശ്രമം.
മലയോര ഹൈവേയില്‍ പുറമ്പോക്കില്‍ നിന്ന പല മരങ്ങളും മുറിച്ചുനീക്കിയെങ്കിലും റോഡിനോട് തൊട്ടുചേര്‍ന്ന സ്വകാര്യഭൂമിയില്‍ അപകടനിലയില്‍ ഇനിയും പല മരങ്ങളും നിലനില്‍ക്കുന്നുണ്ട്.