നാഥനില്ലാ കളരിയായി കോർപ്പറേഷൻ
1513071
Tuesday, February 11, 2025 5:40 AM IST
കൊല്ലം: മേയറും ഡെപ്യൂട്ടി മേയറും രാജിവച്ചതോടെ നാഥനില്ലാ കളരിയായി കൊല്ലം കോര്പ്പറേഷന്. മേയറും ഡെപ്യൂട്ടി മേയറും രാജിവച്ചതോടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. ഗീതാകുമാരിക്കാണ് മേയറുടെ ചുമതല. ബജറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം തുടങ്ങിയിരിക്കെയാണ് ഈ സ്ഥിതി വിശേഷം സംജാതമായിട്ടുള്ളത്. പുതിയ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് കുറഞ്ഞത് 20 ദിവസമെങ്കിലും വേണം.
സിപിഐ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക വടക്കുംഭാഗം ഡിവിഷന് കൗണ്‍സിലര്‍ ഹണിയെ ആയിരിക്കും എന്നാണ് സൂചന. കടവൂരിലെ ഗിരിജാ സന്തോഷ്, വാളത്തുംഗലിലെ സുജ, ഭരണിക്കാവിലെ എസ്. സവിതാ ദേവി എന്നീ വനിതാ കൗണ്‍സിലര്‍മാരും സിപിഐയ്ക്കുണ്ട്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് സിപിഎം കൊല്ലം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി. ഉദയന്‍, എസ്. ജയന്, എ.കെ .സവാദ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയില്‍ ഉള്ളത്. നിലവിൽ എസ്. ജയന്റെ പേരിനാണ് മുന്‍തൂക്കം.
ജില്ലാ കമ്മിറ്റി അംഗം കൂടിയായ എസ്. ഗീതാകുമാരിയുടെ പേരും പറഞ്ഞ് കേള്‍ക്കുന്നു. കോര്പ്പറേഷന് രൂപീകൃതമായത് മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണയും അവര്‍ കൗണ്‍സിലറാണ്. ഒരു തവണ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
ഇത്തവണത്തെ സമ്മേളനത്തില്‍ അവര്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ എത്തുകയും ചെയ്തു. പുതിയ മേയറും ഡെപ്യൂട്ടി മേയറും വനിതകള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചാൽ ഗീതാകുമാരിയെ പരിഗണിക്കില്ല. ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങളായിരിക്കും ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കുക.
ശ്രമിച്ചത് മഹാനഗരമാക്കാൻ: പ്രസന്ന ഏണസ്റ്റ്
കൊല്ലം: സ്വപ്നതുല്യമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ കൊല്ലത്തെ മഹാനഗരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയറായ കാലയളവില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രസന്ന ഏണസ്റ്റ്. സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശുചിത്വനഗരം സുന്ദരനഗരം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. 75 വര്‍ഷമായി കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ കുന്നുകൂടിക്കിടന്ന 1,04000 ക്യൂബിക് മീറ്റര്‍ മാലിന്യം ബയോമൈനിംഗിലൂടെ നീക്കി മനോഹരമായ പൂന്തോട്ടമാക്കി മാറ്റി.
ലൈഫ് പദ്ധതി പ്രകാരം ലഭിച്ച ഏഴായിരത്തോളം അപേക്ഷകളില്‍ 6713 പേര്‍ക്കുള്ള ഭവനം 265.58 കോടി രൂപ ചെലവില്‍ നിര്‍മിക്കാനായത് അഭിമാന നേട്ടമാണ്.
കോര്‍പ്പറേഷനും കിഫ്ബിയും കിന്‍ഫ്രയുമായി ചേര്‍ന്ന് ഐടി പാര്‍ക്കും ഭാരത് പെട്രോളിയം കോര്‍പറേഷനുമായി ചേര്‍ന്ന് സിഎന്‍സി പ്ലാന്റും സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. അഞ്ചു സമീപ പഞ്ചായത്തുകളിലെ ഉള്‍പ്പെടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് കോര്പ്പറേഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ 565കോടി രൂപ ചെലവില്‍ ആവിഷ്കരിച്ച ഞാങ്കടവ് പദ്ധതി അവസാനഘട്ടത്തിലാണെന്നും അഷ്ടമുടിയെ വീണ്ടെടുക്കാനുള്ള പദ്ധതിയും വിജയപാതയിലാണെന്നും അവര്‍ വ്യക്തമാക്കി.