വ്യാപാരികൾ 13-ന് പാർലമെന്റ് മാർച്ച് നടത്തും
1513079
Tuesday, February 11, 2025 5:47 AM IST
കൊല്ലം: ചെറുകിട വ്യാപാര വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ 13 ന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും.
ജനുവരി 13 മുതൽ 25 വരെ വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ശേഷമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരം വോളണ്ടിയർമാർ സമരത്തിൽ പങ്കെടുക്കും. ജില്ലയിൽ നിന്ന് 25 പേരും മാർച്ചിൽ അണിനിരക്കും.
ജിഎസ്ടിയിലെ അപാകത പരിഹരിക്കുക, കെട്ടിടവാടകയിലെ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുക, വിലക്കയറ്റം തടയുക, ഓൺലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക, ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം ഒഴിവാക്കുക, ചെറുകിട വ്യാപാര മേഖല സംരക്ഷിക്കാൻ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പാർലമെന്റിന് മാർച്ചിനുശേഷം സംസ്ഥാനത്തെ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്താൻ സമിതി തീരുമാനിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ, പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, കമാൽ പിഞ്ഞാണിക്കട, നന്ദകുമാർ, അജയകുമാർ, വിജയകുമാർ എന്നിവർ സംബന്ധിച്ചു.