വാളക്കോട് എൻഎസ് വി സ്കൂൾ വാർഷികാഘോഷം
1513306
Wednesday, February 12, 2025 5:41 AM IST
പുനലൂർ: വാളക്കോട് എൻഎസ് വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ആഘോഷവും വെക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനവും 13, 14 തീയതികളിൽ നടക്കും.
മൾട്ടി മീഡിയ മൾട്ടിപർപ്പസ് തീയേറ്റർ സമർപ്പണവും യാത്രയയപ്പും ഇതോടൊപ്പം നടക്കുമെന്ന് പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, പ്രഥമാധ്യാപിക ആർ.കെ. അനിത എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
13 ന് രാവിലെ ഒന്പതിന് മാനേജർ കെ.സുകുമാരൻ പതാക ഉയർത്തും. 9.30 ന് വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും. 14 ന് രാവിലെ 10 ന് നടക്കുന്ന രജതജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനവും, വാർഷിക ആഘോഷവും മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിക്കും. മൾട്ടി മീഡിയ മൾട്ടിപർപ്പസ് തീയേറ്റർ കൊല്ലം ഡിഡിഇ. കെ.ഐ. ലാൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മുഖ്യരക്ഷാധികാരി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പത സമ്മാനദാനം നടത്തും.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. ദിനേശൻ, കൗൺസിലർമാരായ നാസില ഷാജി, എൻ. സുന്ദരേശൻ, ഷാജിത സുധീർ, എം.പി. റഷീദ്കുട്ടി, സ്വാഗത സംഘം ചെയർമാൻ വിജയകുമാർ, ആർ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിക്കും. സ്കൂൾ പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ് സ്വാഗതവും, പ്രഥമാധ്യാപിക ആർ.കെ. അനിത റിപ്പോർട്ടും ജനറൽ കൺവീനർ കെ.എസ്. വിനോദ് നന്ദിയും പറയും.
ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പ്രതിഭാ സംഗമം നടക്കും. പിടിഎ പ്രസിഡന്റ് ആർ. രാജേഷ്, സ്വാഗത സംഘം ചെയർമാൻ വിജയകുമാർ, രക്ഷാധികാരി ഡി. ദിനേശൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.