ഡോ. വന്ദന ദാസ് കൊലപാതക കേസ്; സാക്ഷി വിസ്താരം ഇന്നു മുതല്‍ : പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ 34 ഡോക്ടർമാർ
1513295
Wednesday, February 12, 2025 5:33 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ഇന്നു മുതൽ ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന് സാക്ഷികളാകുന്ന കേസെന്ന പ്രത്യേകതയുമുണ്ട്.
34 ഡോക്ടര്‍മാരെയാണ് പ്രോസിക്യൂഷന് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാം ഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക. കൂടാതെ നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആശുപത്രി സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെ ആദ്യ ദിവസം വിസ്തരിക്കും.
മുമ്പ് കോടതിയില്‍ കേസ് വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം നടന്ന പ്രതിയുടെ മാനസിക നില പരിശോധനയില്‍ പ്രതിക്ക് വിചാരണ നേരിടാന്‍ മാനസികമായി ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് കേസിലെ സാക്ഷി വിസ്താരം ആരംഭിക്കണമെന്ന് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ആവശ്യപ്പെടുകയായിരുന്നു.
2023 മേയ് 10 ന് പുലര്‍ച്ചെയാണ് കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനം പൂർത്തിയാക്കിയതിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപിന്റെ കുത്തേറ്റാണ് വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
വിചാരണ നടപടികൾ വീക്ഷിക്കുന്നതിന് ഡോ. വന്ദനാദാസിന്റെ മാതാപിതാക്കളും മറ്റ് അടുത്ത ബന്ധുക്കളും നാളെ കൊല്ലം കോടതി പരിസരത്ത് എത്തുമെന്നാണ് വിവരം.