പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് കരാർ ജീവനക്കാർ പണിമുടക്കി
1513302
Wednesday, February 12, 2025 5:33 AM IST
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരും സുരക്ഷാജീവനക്കാരും സൂചനാ പണിമുടക്ക് നടത്തി. മെഡിക്കൽ കോളജ് പ്രവർത്തനം മന്ദഗതിയിലായി. കഴിഞ്ഞ ആറ് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർ മുടങ്ങി കിടക്കുന്ന ശമ്പളം പൂർണമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക് നടത്തിയത്. ഒപി മുതൽ മോർച്ചറി വരെ ജോലി ചെയ്യുന്ന ജീവനക്കാരും ആശുപത്രിയുടെ സുരക്ഷയ്ക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാരുമാണ് സൂചന പണിമുടക്ക് നടത്തിയത്.
പണിമുടക്കിയ ജീവനക്കാർ പ്രകടനം നടത്തി. സുരക്ഷാ ജീവനക്കാരുടെ സംഘടയായ കെക്സ്കോൺ എംപ്ലോയിസ് അസോസിയേഷനും കരാർ തൊഴിലാളികളുടെ വിവിധ തൊഴിലാളി സംഘനകളുമാണ് നേതൃത്വം നൽകിയത്. 2024 ലെ ഉത്സവബത്ത അനുവദിക്കുക, സുരക്ഷാ ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുരക്ഷാ ജീവനക്കാർ പണിമുടക്കിയത്.
വിമുക്തഭടൻമാരെയാണ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരായി നിയമിക്കുന്നത്. നിലവിൽ 70 പേർ ജോലി ചെയ്യുന്നുണ്ട്. പ്രതിദിനം 755 രൂപയാണ് ഇവരുടെ വേതനം. ജീവനക്കാരുടെ ശമ്പളം ഹാജർ അനുസരിച്ച് ആരോഗ്യ വകുപ്പാണ് കെക്സ്കോണിന് നൽകുന്നത്.
ശുചീകരണവിഭാഗത്തിലെയും മറ്റ് വിഭാഗങ്ങളിലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ആറ് മാസത്തെ ശമ്പളം നൽകാനുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇവർക്കും ശന്പളം നൽകിയിട്ടില്ല.